റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി. 

മ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ ഒന്ന് മുതൽ ഹേട്സ്റ്റാറിലും സ്ട്രീമിം​ഗ് ആരംഭിച്ചു. പ്രേക്ഷക നിരൂപ പ്രശംസകൾ നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച വിജയമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം വിജയകരമായ 35 ദിവസം പിന്നിട്ടു കഴിഞ്ഞു. 

35 ദിവസം പിന്നിട്ടതിന്റെ പോസ്റ്റർ മമ്മൂട്ടി ഉൾപ്പടെ ഉള്ളവർ പങ്കുവച്ചിട്ടുണ്ട്. ചാമ്പിക്കോ എന്ന വാക്ക് ഹൈലൈറ്റ് ചെയ്ത് തിയറ്റർ എക്സ്പീരിയൻസ് മിസ് ചെയ്യരുതെന്ന് പോസ്റ്ററിൽ കുറിച്ചിരിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രം​ഗത്തെത്തുന്നത്. 

റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം ഇതുവരെ നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. മാത്രവുമല്ല കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം.

ചിത്രത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും രം​ഗത്തെത്തിയിരുന്നു. 'ഭീഷ്മപർവ്വം ഒരു വലിയ വിജയമാക്കി തീർത്ത എല്ലാം പ്രേക്ഷകർ‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാൻ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാത്തവർക്ക് കാണാൻ ഹോട്സ്റ്റാറിൽ പടം വന്നിട്ടുണ്ട്. കാണാത്തവർക്ക് കാണാം. കണ്ടവർക്ക് വീണ്ടും കാണാം', എന്നാണ് ഹോട്സ്റ്റാർ പുറത്തിറക്കിയ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞത്. 

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

സഹാറ മരുഭൂമിയില്‍ പൃഥ്വിരാജിന്റെ 'ആടുജീവിതം', വീഡിയോ പങ്കുവെച്ച് താരം

പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'ആടുജീവിത'ത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബ്ലസി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരിടവേളയ്‍ക്ക് ശേഷം ചിത്രം വീണ്ടും ചിത്രീകരിക്കാൻ തുടങ്ങുമ്പോള്‍ സഹാറാ മരുഭൂമിയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ് (Aadujeevitham).

അള്‍ജീരിയയില്‍ നാല്‍പത് ദിവത്തോളം ചിത്രീകരണമുണ്ടാകുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. മാര്‍ച്ച് 31നാണ് പൃഥ്വിരാജ് അള്‍ജീരിയയിലേക്ക് യാത്ര തിരിച്ചത്. 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണ്‍ മാസത്തോടെ മാത്രമാകും പൃഥ്വിരാജ് തിരിച്ചെത്തുക.

പൃഥ്വിരാജ് 'ആടുജീവിതം' സിനിമയുടെ ജോര്‍ദ്ദാനിലെ ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്‍ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്. പൃഥ്വിരാജും സംഘവും കൊച്ചിയില്‍ 2020 മെയ്‍ 22നായിരുന്നു പ്രത്യേക വിമാനത്തില്‍ എത്തിയത്.