വാഹനം, കൂളിങ് ഗ്ലാസ് എന്നിവയോടുള്ള നടൻ മമ്മൂട്ടിക്കുള്ള താല്‍പര്യം എല്ലാ സിനിമാ പ്രേമികൾക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ തന്‍റെ വാഹന ശേഖരത്തിലേക്ക് പുതിയ കാരവാന്‍ കൂടി എത്തിച്ചിരിക്കുകയാണ് താരം. തന്‍റെ മറ്റെല്ലാ വാഹനങ്ങളുടേയും നമ്പറായ 369 തന്നെ ഈ പുത്തന്‍ കാരവാനിന് ലഭിക്കുകയും ചെയ്തു.

KL 07 CU 369 ആണ് വാഹനത്തിന്റെ നമ്പര്‍. ഇന്ത്യയിലെ മുന്‍നിര ബോഡി നിര്‍മാതാക്കളായ ഓജസ് ഓട്ടോ മൊബൈല്‍സാണ് മമ്മൂട്ടിയുടെ കാരവാനെ അണിയിച്ച് ഒരുക്കിയത്. നീലയും വെള്ളയും നിറങ്ങള്‍ നല്‍കിയാണ് ഈ വാഹനത്തിന്റെ പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത്.

കിടപ്പുമുറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാൽ സജ്ജമാണ് കാരവാന്‍. യാത്രയ്ക്ക് അനുയോജ്യമായ സീറ്റുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ മറ്റ് പ്രത്യേകതകള്‍. കിച്ചന്‍ സൗകര്യവും വാഹനത്തിലുണ്ട്. വാഹനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

കഴിഞ്ഞ ആഴ്ച 277 ദിവസം നീണ്ട 'ഹോം ക്വാറന്റീന്' ശേഷം നടൻ പുറത്തിറങ്ങിയത് വാർത്തയായിരുന്നു. പിന്നാലെ ക്യാമറയ്ക്ക് മുന്നിലും മമ്മൂക്ക എത്തി. ഒരു പരസ്യചിത്രത്തിനുവേണ്ടിയാണ് മമ്മൂട്ടി അഭിനയിച്ചത്. വൈകാതെ പുതിയ സിനിമയുടെ സെറ്റിൽ എത്താനുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി.