നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്

സ്വീകരിക്കുന്ന വിഷയങ്ങളിലും സിനിമയോടുള്ള സമീപനത്തിലും തന്‍റേതായ വഴിയേ സഞ്ചരിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. പ്രേക്ഷകര്‍ക്കിടയില്‍ തന്‍റേതായ ഒരു ആരാധകവൃന്ദത്തെയും ഇനിതകം സൃഷ്ടിക്കാന്‍ ലിജോയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ലിജോയുടെ ഏറ്റവും പുതിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ ഏറ്റവും വലിയ കൌതുകം അതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടിയാണ് എന്നതാണ്. കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട സമയത്തും പിന്നീട് തിയറ്റര്‍ റിലീസ് ആയി എത്തിയപ്പോഴും നിറഞ്ഞ മനസ്സോടെയാണ് സിനിമാപ്രേമികള്‍ ഈ ചിത്രത്തെ സ്വീകരിച്ചത്. ഇപ്പോഴിതാ ഒടിടി റിലീസിലും ചിത്രം ഭാഷാതീതമായ സ്വീകാര്യത നേടുകയാണ്. 

നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ഭാഷാതീതമായി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും പ്രശംസയിലേക്കും എത്തിയിരിക്കുകയാണ് ചിത്രം. ലിജോയുടെ സംവിധാന മികവിനൊപ്പം മമ്മൂട്ടിയെയും പ്രശംസ കൊണ്ട് മൂടുന്നുണ്ട് പ്രേക്ഷകര്‍. ഒരു സിനിമാപ്രേമിയെ സംബന്ധിച്ച് തീര്‍ച്ഛയായും മിസ് ചെയ്യരുതാത്ത അനുഭവമെന്നാണ് കമന്‍റുകള്‍ വരുന്നത്. "മമ്മൂക്ക, എന്‍റെ ദൈവമേ! ഈ പ്രകടനത്തില്‍ നിന്ന് പുറത്തുകടക്കാനാവുന്നില്ല. കഥയെയും സന്ദര്‍ഭങ്ങളെയും അനുഭവവേദ്യമാക്കുന്നുവെന്നതാണ് മലയാള സിനിമകളിലെ പ്രകടനങ്ങളുടെ സവിശേഷത. തുടക്കത്തിലെ ആ ബസ് യാത്ര എത്ര റിയലിസ്റ്റിക് ആണ്", നിധിന്‍ എന്ന പ്രേക്ഷകര്‍ ട്വീറ്റ് ചെയ്യുന്നു. ഇത്തരത്തില്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ട്വിറ്ററില്‍ എത്തിയിട്ടുള്ളത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ പ്രത്യേകത. തന്‍റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം.