പുതിയ തലമുറയാണ് അവാർഡ് എല്ലാം കൊണ്ടുപോയതെന്ന് പറ‍ഞ്ഞപ്പോൾ, "ഞാൻ എന്താ പഴയതാണോ ? ഞാനും പുതിയ തലമുറയിൽപ്പെട്ട ആളല്ലേ", എന്നായിരുന്നു ത​ഗ് രീതിയിൽ മമ്മൂട്ടി മറുപടി നൽകിയത്.

കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭ്രമയു​ഗം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനായപ്പോൾ ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയുമായി. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. എല്ലാവർക്കും നന്ദി എന്ന് പറഞ്ഞ മമ്മൂട്ടി അവാർഡ് ജേതാക്കൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.

"എല്ലാവർക്കും നന്ദി. എന്റെ കൂടെ പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും ആസിഫിനും ടൊവിനോയ്ക്കും അഭിനന്ദനങ്ങൾ. ഷംല, സൗബിൻ, മഞ്ഞുമ്മൽ ബോയ്സ് ടീം തുടങ്ങി എല്ലാവർക്കും ആശംസകൾ", എന്ന് മമ്മൂട്ടി പറഞ്ഞു. അവാർഡ് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന്, "ഒന്നും പ്രതീക്ഷിച്ചിട്ടല്ലല്ലോ സിനിമകൾ ചെയ്യുന്നത്. എല്ലാം സംഭവിക്കുന്നതാണ്. ഭ്രമയു​ഗത്തിലെ കഥയും കഥാപാത്രങ്ങളും എല്ലാം വ്യത്യസ്തമായിരുന്നു. ഇതുമൊരു യാത്രയല്ലേ. കൂടെ നടക്കാൻ ഒത്തിരിപേർ ഉണ്ടാവില്ലേ. അവർ നമുക്കൊപ്പം കൂട്ടുവരുന്നു. ഇതൊരു മത്സരമാണെന്ന് പറയാൻ പറ്റില്ല. ഓട്ട മത്സരമൊന്നും അല്ലല്ലോ", എന്നാണ് മമ്മൂട്ടി പറഞ്ഞത്. 

പുതിയ തലമുറയാണ് അവാർഡ് എല്ലാം കൊണ്ടുപോയതെന്ന് പറ‍ഞ്ഞപ്പോൾ, "ഞാൻ എന്താ പഴയതാണോ ? ഞാനും പുതിയ തലമുറയിൽപ്പെട്ട ആളല്ലേ", എന്നായിരുന്നു ത​ഗ് രീതിയിൽ മമ്മൂട്ടി മറുപടി നൽകിയത്.

2024 ഫെബ്രുവരിയിൽ റിലീസ് ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ ആയിരുന്നു സംവിധാനം. കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ വേഷങ്ങളിലാണ് മമ്മൂട്ടി അഭിനയിച്ചത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതേസമയം, കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന സിനിമ. ചിത്രം നവംബര്‍ 27ന് തിയറ്ററില്‍ എത്തും. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്