ടി എന്‍ പ്രതാപന്‍ എം പി എഴുതിയ പുസ്തകം 'ഓര്‍മ്മകളുടെ സ്നേഹതീരം' പ്രകാശനം ചെയ്‍ത് മമ്മൂട്ടി. മമ്മൂട്ടിയുടെ വീട്ടില്‍ വച്ച് തന്നെയായിരുന്നു പ്രകാശനം. തനിക്കും മകനുമൊപ്പം മമ്മൂട്ടി കുറെ സമയം ചിലവഴിച്ചുവെന്നും വായനയും എഴുത്തും ജീവിതത്തില്‍ ചേര്‍ത്തുനിര്‍ത്തണമെന്ന് ആശംസിച്ചുവെന്നും ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ടി എന്‍ പ്രതാപന്‍ ലോക്ക് ഡൗണില്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിഞ്ഞപ്പോള്‍ എഴുതിയ കുറിപ്പുകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടി എന്‍ പ്രതാപന്‍ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്

എന്‍റെ ആദ്യത്തെ പുസ്തകം ‘ഓർമ്മകളുടെ സ്നേഹതീരം' എനിക്കേറ്റവും പ്രിയപ്പെട്ട പത്മശ്രീ മമ്മൂട്ടി ഇന്നലെ അദ്ദേഹത്തിന്‍റെ വീട്ടിൽ വെച്ച് പ്രകാശനം ചെയ്തു. കൊവിഡ് ലോക്ക് ഡൗണിനു ശേഷം പൊതുപരിപാടികളിലൊന്നിലും പങ്കെടുക്കാതെയും സന്ദർശകരെ നിയന്ത്രിച്ചും അതീവ സൂക്ഷ്മതയോടെ കഴിയുന്ന മലയാളിയുടെ എക്കാലത്തെയും ആവേശമായ മമ്മൂക്ക എന്‍റെ ഈ പുസ്തകം പ്രകാശനം ചെയ്തുതരാമെന്ന് പറഞ്ഞതിലും വലിയ ഭാഗ്യമെന്താണെന്ന് ആലോചിക്കുകയായിരുന്നു ഞാൻ.

സൗഹൃദങ്ങൾ ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്ന മമ്മൂക്ക കുറെ സമയം എന്നോടും എന്‍റെ മകനോടുമൊപ്പം പങ്കുവെക്കുകയും ഉയർന്ന ചിന്തകളും വേറിട്ട പ്രവർത്തനങ്ങളും വായനയും എഴുത്തുമെല്ലാം പൊതുപ്രവർത്തനത്തിന്‍റെ കൂടെ ചേർത്തുനിർത്താൻ ശ്രമിക്കണമെന്ന് ആശംസിക്കുകയും ചെയ്തു.

നന്മയുടെയും പ്രതീക്ഷയുടെയും നല്ല വാക്കുകൾകൊണ്ടും എന്തിന് ഒരു നേർത്ത പുഞ്ചിരികൊണ്ടുതന്നെ മറ്റുള്ളവരുടെ മനസ്സിൽ സുകൃതത്തിന്‍റേതായ ഒരു വലിയ തിരയിളക്കം തന്നെ സൃഷ്ടിക്കാൻ കഴിവുളള ആളാണ് മമ്മൂക്ക. സന്തോഷകരമായ ഞങ്ങളുടെ സംഭാഷണത്തിൽ മുഴുവൻ അത്തരത്തിലുള്ള ഒരു അനുഭൂതി പ്രകടമായിരുന്നു. രാഷ്ട്രീയമടക്കം നമ്മുടെ ചുറ്റുപാടിലുമുള്ള അനവധി കാര്യങ്ങളെപ്പറ്റി മമ്മൂക്ക സംസാരിച്ചു.

മമ്മൂക്കയുടെ ജന്മദിനം അടുത്തുവരികയാണ്. ഇനിയുമേറെക്കാലം മലയാളിയുടെ സിനിമാ സാമൂഹിക ഭാവുകത്വത്തിൽ ഇത്രയും നാളിലേതുപോലെ തന്നെ അനുപമമായ സന്തോഷ സാന്നിധ്യമാകാൻ മമ്മൂക്കയ്ക്ക് കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുകയാണ്.