ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ പിൻഗാമിയായി മകൻ മുജ്‌തബ ഖമനെയി അധികാരമേൽക്കുന്നു. പതിറ്റാണ്ടുകളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ ഭരണസിരാകേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്ന മുജ്‌തബ, ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തും പ്രതിഷേധങ്ങളെ അടിച്ചമർത്തിയുമാണ് ശ്രദ്ധേയനായത്.
ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ പിൻഗാമിയായി മകൻ മുജ്‌തബ അലി ഖമനെയി ഇനി ഇറാനെ നയിക്കും. ദശകങ്ങളായി ഇറാന്റെ നിഴൽ രൂപമായിരുന്ന 56കാരനായ മുജ്തബ ഖമനെയി രാജ്യത്തിന്റെ പുതിയ പരമാധികാര നേതാവായി അധികാരമേറ്റു. പൊതുവേദികളിലോ ഔദ്യോഗിക പദവികളിലോ പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തിവരുന്ന വ്യക്തി, ആരാണ് മുജ്തബ ഖമനേയി?
മുജ്തബ എന്ന പേരിന് അറബി ഭാഷയിൽ “തെരഞ്ഞെടുക്കപ്പെട്ടവൻ” എന്നാണ് അർത്ഥം. 1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ഇറാനിൽ ആദ്യമായാണ് പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത്. 1969 സെപ്റ്റംബർ 8-ന് മഷ്ഹദിൽ ജനിച്ച മുജ്തബ, കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനെയിയുടെ ആറ് മക്കളിൽ രണ്ടാമനാണ്. തത്വശാസ്ത്രവും ഇസ്‌ലാമിക നിയമവും അഭ്യസിച്ച് ഒരു മതപണ്ഡിതനായി വളർന്നയാൾ.
ഇറാൻ--ഇറാഖ് യുദ്ധകാലത്ത് തന്‍റെ 17-ാം വയസ്സിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ ചേർന്ന് മുജ്തബ പോരാടിയിട്ടുണ്ട്. ഐആര്‍ജിസിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്‍തബ. സൈനിക നേതൃത്വവുമായുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധത്തിന് അടിത്തറ പാകിയത് ഈ കാലഘട്ടമാണ്. തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഈ ബറ്റാലിയനിലെ അംഗങ്ങളാണ് പിന്നീട് ഇറാന്റെ സുപ്രധാന സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത്. 1999ൽ 30-ാം വയസ്സിലാണ് മതപഠനത്തിനായി മുജ്തബ പുണ്യ നഗരമായി കണക്കാക്കപ്പെടുന്ന ഖ്വോമിലെ ഷിയാ സെമിനാരിയില്‍ ചേരുന്നത്.
ഖ്വോമിലെ പഠനത്തിനുശേഷമാണ് ഇറാന്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനെയിയുടെ ഓഫിസിന്റെ ചുമതലയില്‍ മുജ്‍തബ എത്തുന്നത്. മുജ്തബ ഖമനേയി ഇതുവരെ ഒരു ഔദ്യോഗിക രാഷ്ട്രീയ പദവിയും വഹിച്ചിരുന്നില്ലെങ്കിലും ഇറാന്റെ ഭരണസംവിധാനത്തിൽ അതീവ സ്വാധീനമുള്ള വ്യക്തിയായിരുന്നു. തന്റെ പിതാവിനെ കാണാൻ വരുന്നവരെ നിയന്ത്രിച്ചിരുന്നതും പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ രൂപപ്പെടുത്തിയതും മുജ്തബയായിരുന്നു. ഇറാനിലെ വിവാദമായ 2009-ലെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന 'ഗ്രീൻ മൂവ്‌മെന്റ്' പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ സുരക്ഷാ വിഭാഗവുമായുള്ള ബന്ധം കണക്കിലെടുത്ത് 2019-ൽ അമേരിക്ക ഇദ്ദേഹത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ആസ്തികൾ ഉടമയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ മൂന്നാമത്തെ പരമാധികാര നേതാവായാണ് മുജ്തബ നിയമിതനായത്. പൊതുവേദികളിൽ നിന്ന് അകന്നുനിന്നിരുന്ന മുജ്തബയുടെ ഈ ഉദയം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും. ഇറാന്റെ ഭരണകൂടത്തിന് പിന്നിലെ യഥാർത്ഥ കരുത്ത് മുജ്തബയായിരുന്നു. ‘The power behind the robes’ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
2005-ലും 2009-ലും നടന്ന ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിനെ ഉപയോഗിച്ച് അട്ടിമറി നടത്തിയെന്ന ആരോപണം മുജ്തബ നേരിട്ടിട്ടുണ്ട്. 2022ല്‍ മഹ്സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഹിജാബ് പ്രക്ഷോഭത്തെയും അടിച്ചമര്‍ത്തുന്നതിലും മുജ്തബ പങ്ക്വഹിച്ചതായി കരുതപ്പെടുന്നു. രാജഭരണം അട്ടിമറിച്ച് നിലവിൽ വന്ന ഇസ്‌ലാമിക് റിപ്പബ്ലിക്കിൽ, പിതാവിന് ശേഷം മകൻ അധികാരമേൽക്കുന്നത് വലിയ വിവാദങ്ങൾക്ക് കാരണമായേക്കാം. അലി ഖമനെയിയുടെ പിൻഗാമിയായി ആര് വന്നാലും അവർ തങ്ങളുടെ 'ലക്ഷ്യം' ആയിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്തി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിൽ തന്റെ പിതാവിനെയും മാതാവിനെയും ഭാര്യയെയും നഷ്ടപ്പെട്ട മുജ്തബ, പാശ്ചാത്യ ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തന്റെ പിതാവിന്റെ കടുത്ത നിലപാടുകൾ അദ്ദേഹം തുടരാനാണ് സാധ്യത.


