ജയിലറിൽ വിനായകന് പകരം വില്ലൻ ആകേണ്ടിയിരുന്നത് മമ്മൂട്ടി ആണെന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ പ്രേക്ഷക പ്രീതി നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ മുത്തുവേൽ പാണ്ഡ്യൻ, മാത്യു, നരസിംഹ, വർമ എന്നീ കഥാപാത്രങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ, മമ്മൂട്ടിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് വസന്ത് രവി.
ജയിലറിൽ വിനായകന് പകരം വില്ലൻ ആകേണ്ടിയിരുന്നത് മമ്മൂട്ടി ആണെന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു. പിന്നാലെ നെൽസണും ജയിലറിനായി മമ്മൂട്ടിയെ കോൺടാക്ട് ചെയ്ത കാര്യം പറഞ്ഞിരുന്നു. ഇതേക്കുറിച്ചാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായെത്തിയ വസന്ത് രവി പറയുന്നത്.
വർമൻ എന്ന വില്ലനായി എത്തേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നുവെന്ന് രജനികാന്ത് തന്നോട് പറഞ്ഞെന്ന് വസന്ത് പറയുന്നു. എന്നാൽ മലയാളത്തിലെ ഇത്രയും വലിയൊരുതാരത്തെ കൊണ്ടുവന്ന് ഇങ്ങനെ ഒരു കഥാപാത്രം നൽകാൻ തനിക്ക് വിഷമമുണ്ടെന്ന് രജനികാന്ത് പറഞ്ഞതായും വസന്ത് പറഞ്ഞു. റെഡ്നൂൽ എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഒരുവശത്ത് 'ജയിലർ', മറുവശത്ത് 'പുഷ്പ 2' തരംഗം; റെക്കോർഡിട്ട് അല്ലു- ഫഹദ് ചിത്രം
"പ്രതിനായകനായി മമ്മൂട്ടി സാറിനെ ആണ് ആദ്യം തീരുമാനിച്ചത്. ലൊക്കേഷനിൽ വച്ച് രജനി സാർ തന്നെ ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. നെൽസണും ഓക്കെ പറഞ്ഞതോടെ അദ്ദേഹം മമ്മൂട്ടി സാറിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. പക്ഷേ കുറേ കഴിഞ്ഞ് രജനി സാർ ആലോചിച്ചു. മലയാളത്തിലെ വലിയൊരു നടനാണ് മമ്മൂട്ടി സാർ. അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്ന് ഇങ്ങനെ ഒരു വേഷം കൊടുക്കുന്നതിൽ തനിക്ക് വിഷമം തോന്നിയെന്നും രജനി സാർ പറഞ്ഞു. ഇങ്ങനെ ഒരു റോൾ മമ്മൂട്ടിക്ക് ചേരില്ലെന്ന് തോന്നിയ രജനി സാർ, ഈ പ്രോജക്ട് വേണ്ട, മറ്റൊരു പടം ഒന്നിച്ച് ചെയ്യാമെന്ന് അദ്ദേഹത്തോട് പറയുക ആയിരുന്നു. അക്കാര്യം ശരിയാണെന്ന് എനിക്കും തോന്നി. രണ്ട് പേരും കൂടി വീണ്ടുമൊരു സിനിമ ചെയ്യണമെന്നും രജനി സാറിനോട് ഞാൻ പറഞ്ഞു", എന്നാണ് വസന്ത് രവി പറഞ്ഞത്. മുൻപ് സൂപ്പർ ഹിറ്റ് ചിത്രം ദളപതിയിൽ ആയിരുന്നു മമ്മൂട്ടിയും രജനികാന്തും ഒന്നിച്ച് അഭിനയിച്ചത്.

