ഒരു മാസ് ആക്ഷൻ കോമഡി എന്റര്‍ടെയ്‍നറായിരിക്കും മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഹിറ്റ്‍മേക്കര്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്. മിഥുൻ മാനുവല്‍ തോമസ് തിരക്കഥ എഴുതും എന്നുമാണ് റിപ്പോര്‍ട്ട്. മിഥുൻ, വൈശാഖ് തുടങ്ങിയവര്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ടും വന്നിരിക്കുന്നത്. ഒരു മാസ് ആക്ഷൻ കോമഡി എന്റര്‍ടെയ്‍നറായിരിക്കും മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുക എന്നാണ് റിപ്പോര്‍ട്ട്.

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി നായകനാകുന്നുണ്ട്. മാര്‍ച്ച് അവസാനമാകും മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. കൊച്ചി, ബംഗ്ലൂര്‍ എന്നിവടങ്ങള്‍ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എന്ന് നിര്‍മാതാക്കളില്‍ ഒരാളായ ജിനു എബ്രഹാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

'കണ്ണൂര്‍ സ്‍ക്വാഡ്' എന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂനെ, പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, ആതിരപ്പിള്ളി എന്നിവടങ്ങളിലാണ് ചിത്രം ചിത്രീകരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തിലുള്ള ചിത്രം 'ക്രിസ്റ്റഫറാ'ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം ആണെന്ന പ്രത്യേകത കൂടിയുണ്ട് 'ക്രിസ്റ്റഫറി'ന്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഉദയ കൃഷ്‍ണ തിരക്കഥ എഴുതിയ ചിത്രമാണ് 'ക്രിസ്റ്റഫര്‍'. പൊലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരുന്നത്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ. കലാസംവിധാനം ഷാജി നടുവിൽ. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്‍ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്‍സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരായിരുന്നു 'ക്രിസ്റ്റഫര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: മാളവിക മോഹനന്റെ 'ക്രിസ്റ്റി' ഇനി ഒടിടിയില്‍, റിലീസ് പ്രഖ്യാപിച്ച് പുതിയ ട്രെയിലര്‍