ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം 'വല്യേട്ടന്‍റെ' റീമാസ്റ്റേര്‍ഡ് പതിപ്പ് പുറത്തെത്തി. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലാണ് വല്യേട്ടന്‍റെ എച്ച്ഡി പതിപ്പ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളത്തിലെ മുന്‍കാല സിനിമകളുടെ റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച് ശ്രദ്ധ നേടിയ ശ്രീ മൂവീസ് ആണ് വല്യേട്ടന്‍ എച്ച് ഡി പതിപ്പിന് പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈമിലെ മറ്റു സിനിമകള്‍ പോലെ ഇംഗ്ലീഷ് സബ് ടൈറ്റിലോടെയാണ് ചിത്രം എത്തിയിരിക്കുന്നത്.

കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ 'നരസിംഹ'ത്തിനു ശേഷം ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് വല്യേട്ടന്‍. ഒരേ വര്‍ഷമാണ് ഇരു ചിത്രങ്ങളും തീയേറ്ററുകളിലെത്തിയത്-2000ല്‍. നരസിംഹം ജനുവരിയിലും വല്യേട്ടന്‍ സെപ്റ്റംബറിലും. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടന്‍.

അമ്പലക്കര ഫിലിംസിന്‍റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്‍റെ രചന നരസിംഹത്തിന് രചന നിര്‍വ്വഹിച്ച രഞ്ജിത്ത് തന്നെയായിരുന്നു. ശോഭന നായികയായ ചിത്രത്തില്‍ സായ് കുമാര്‍, എന്‍ എഫ് വര്‍ഗീസ്, സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, ഇന്നസെന്‍റ്, കലാഭവന്‍ മണി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ക്യാപ്റ്റന്‍ രാജു തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. ചിത്രം സാമ്പത്തികമായി വലിയ വിജയവുമായിരുന്നു.