മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഉണ്ട പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരേപോലെയുള്ള മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. ഏറെക്കാലത്തിന് ശേഷം അതിഭാവുകത്വങ്ങളൊന്നുമില്ലാതെ മലയാളത്തില്‍ മമ്മൂട്ടിയുടേതായി എത്തിയ കഥാപാത്രമെന്നാണ് 'ഉണ്ട'യിലെ സബ് ഇന്‍സ്‍പെക്ടര്‍ മണികണ്ഠന്‍ സിപിയെക്കുറിച്ച് റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. എന്നാല്‍ അത് മലയാളത്തിലെ കഥ. തമിഴിലും തെലുങ്കിലും ഓരോ ചിത്രങ്ങള്‍ ഈ വര്‍ഷം തന്നെ മമ്മൂട്ടിയിലെ നടന് കൈയടി നേടിക്കൊടുത്തിരുന്നു. തമിഴില്‍ റാമിന്‍റെ സംവിധാനത്തിലെത്തിയ പേരന്‍പും തെലുങ്കില്‍ വൈഎസ്ആര്‍ ആയി എത്തിയ മഹി വി രാഘവ് ചിത്രം യാത്രയും. മലയാളത്തില്‍ തൊട്ടുമുന്‍പെത്തിയ മധുരരാജ ബോക്‍സ്ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിയ്ക്കുകയും ചെയ്തിരുന്നു. ഈ കഥാപാത്രങ്ങളെ സ്വീകരിച്ചവരോട് നന്ദി അറിയിക്കുകയാണ് മമ്മൂട്ടി. ഫേസ്‍ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയുടെ കുറിപ്പ്.

"ഉണ്ടയ്‍ക്ക് ലഭിക്കുന്ന സ്നേഹത്തിനും പോസിറ്റീവ് അഭിപ്രായങ്ങള്‍ക്കും നന്ദി, പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കും. പല ഭാഷകളില്‍ വൈവിധ്യമാര്‍ന്ന സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും അവസരം ലഭിച്ച ഒരു ഗംഭീര വര്‍ഷമായിരുന്നു ഇത്. ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദി, നല്‍കിയ സ്നേഹത്തിന്..", മമ്മൂട്ടിയുടെ വാക്കുകള്‍.

ഛത്തിസ്‍ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. ഛത്തിസ്‍ഗഡിലും കേരളത്തിലും കര്‍ണാടകത്തിലുമായിട്ടായിരുന്നു ചിത്രീകരണം. ബോക്സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.