ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും അഭിനയരംഗത്തേക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ഒക്ടോബർ 1 ന് അദ്ദേഹം ജോയിൻ ചെയ്യും.

ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ബിഗ് ബജറ്റ് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ ഹൈദരാബാദ് ഷെഡ്യൂളിലാണ് മടങ്ങിവരവില്‍ അദ്ദേഹം ആദ്യം അഭിനയിക്കുക. ഒക്ടോബര്‍ 1 ബുധനാഴ്ച ചിത്രീകരണത്തിന് തുടക്കമാവും. ഏഴ് മാസങ്ങള്‍ക്കിപ്പുറം മമ്മൂട്ടി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നതിന്‍റെ ആഹ്ലാദത്തിലാണ് സിനിമാലോകവും അദ്ദേഹത്തിന്‍റെ ആരാധകരും. നിര്‍മ്മാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ ആന്‍റോ ജോസഫ് അടക്കമുള്ളവര്‍ ഈ തിരിച്ചുവരവിന്‍റെ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

“പ്രിയപ്പെട്ട മമ്മൂക്ക വരുന്നു... മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും”, ആന്‍റോ ജോസഫിന്‍റെ കുറിപ്പ്.

ഓഗസ്റ്റ് 19 നാണ് മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്ത ഒപ്പമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അറിയിച്ചത്. മമ്മൂട്ടി ഉടന്‍ തന്നെ സിനിമകളില്‍ സജീവമാകുമെന്ന് അദ്ദേഹത്തിന്‍റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് അന്ന് പറഞ്ഞിരുന്നു. ഒരു മാസത്തിനുള്ളില്‍ സിനിമകളിലേക്ക് മടങ്ങിയെത്തുമെന്നും റോബര്‍ട്ട് ആ സമയത്ത് പറഞ്ഞിരുന്നു. സമൂഹത്തിലേക്ക് ഇറങ്ങിയുള്ള പരിപാടികളില്‍ നിന്ന് മാത്രമാണ് അദ്ദേഹം ഒഴിഞ്ഞുനിന്നിരുന്നത്. ഏതൊരു മനുഷ്യനും എടുക്കുന്നതുപോലെ അനിവാര്യമായ ഒരു വിശ്രമമാണ് അദ്ദേഹവും എടുത്തത്. ആ വിശ്രമത്തിന്‍റെ സമയം കഴിഞ്ഞിരിക്കുന്നു. അദ്ദേഹം തിരിച്ചെത്തുന്നു. റിലീസ് ആവാന്‍ സിനിമകള്‍ കാത്തിരിക്കുന്നു. മഹേഷ് നാരായണന്‍റെ ചിത്രം പൂര്‍ത്തിയാവാന്‍ ഇരിക്കുന്നു. ആവേശകരമായ നിരവധി പ്രോജക്റ്റുകള്‍ നില്‍ക്കുന്നു. ഇതെല്ലാം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഉടനടി അദ്ദേഹം സ്ക്രീനില്‍ സജീവമാകും. സംശയം വേണ്ട, റോബര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് പാട്രിയറ്റ് എന്ന സിനിമയുടെ പ്രത്യേകതയാണ്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്ന ത്രില്ലർ ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്തതായി തിയറ്ററുകളില്‍ എത്തുക.

Asianet News Live | Malayalam News Live | Kerala News | Breaking News Live | Actor Vijay Rally | TVK