എംടിയുടെ രചനയില്‍ മമ്മൂട്ടി അവതരിപ്പിച്ച മറ്റൊരു കഥാപാത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനുണ്ട്

മലയാള സിനിമാപ്രേമികള്‍ എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന സിനിമകളും കഥാപാത്രങ്ങളുമുണ്ട് എംടി വാസുദേവന്‍ നായര്‍- മമ്മൂട്ടി കൂട്ടുകെട്ടില്‍. മമ്മൂട്ടിക്ക് എംടിയും എംടിക്ക് മമ്മൂട്ടിയും സവിശേഷ സ്നേഹവായ്പ്പ് ഉള്ള സ്നേഹസൗഹൃദമാണ്. ഒരിടവേളയ്ക്കു ശേഷം ഇരുവരും ഇന്നലെ വീണ്ടും നേരില്‍ കണ്ടു. താന്‍ നായകനാവുന്ന പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ വയനാട് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് കോഴിക്കോട് എംടിയുടെ വീടായ സിതാരയിലേക്ക് മമ്മൂട്ടി എത്തിയത്. 

എംടിയുടെ രചനയില്‍ മമ്മൂട്ടി അവതരിപ്പിച്ച മറ്റൊരു കഥാപാത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തേണ്ടതായി ഉണ്ട്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിലെ രഞ്ജിത്ത് ഒരുക്കുന്ന ഭാഗത്തില്‍ മമ്മൂട്ടിയാണ് നായകന്‍. എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലും ചിത്രത്തിന് ലൊക്കേഷന്‍ ഉണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് വന്ന് കാണണമെന്നുണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അവസരം കിട്ടിയതെന്നും മമ്മൂട്ടി അറിയിച്ചു. ഒരു മണിക്കൂറോളം എംടിയുടെ വീട്ടില്‍ ചെലവഴിച്ചതിനിടെ സംവിധായകന്‍ ഹരിഹരനും അവിടേക്ക് എത്തി.

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ ഇരുവരും ഏറ്റവാങ്ങേണ്ട ദിവസമായിരുന്നു ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമായിരുന്നു. എംടിക്കുവേണ്ടി മകള്‍ അശ്വതിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

അതേസമയം ശ്രീലങ്കയില്‍ ജോലി ചെയ്‍തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മയാണ് 'കടുഗണ്ണാവ'. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്.

ALSO READ : ഈ സീസണിലെ അടുത്ത മത്സരാര്‍ഥി; സൂചനകളുമായി മോഹന്‍ലാല്‍