താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ 'നോ അതര്‍ വര്‍ക്ക് ഒണ്‍ലി വര്‍ക്കൗട്ട്' എന്ന ക്യാപ്ഷനിൽ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്‍ത  ഫോട്ടായാണ് രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ സജീവ ചർച്ചാ വിഷയം. മാസ് ലുക്കിലുള്ള വര്‍ക്കൗട്ട് ചിത്രം കണ്ട്  പ്രായത്തെ തോൽപ്പിക്കുന്ന മമ്മൂക്കയെന്നാണ് ആരാധകർ പറയുന്നത്. മണി ഹീസ്റ്റിലെ പ്രൊഫസറുടെ ഇന്ത്യന്‍ പതിപ്പാണിതെന്നും ബിലാലിന്റെ രണ്ടാം വരവിനുള്ള ഒരുക്കമാണിതെന്നും പറഞ്ഞ് ആരാധകർ നിറയുമ്പോൾ ചിത്രത്തിന് കമന്റുമായി മലയാള സിനിമാലോകം ഒന്നാകെ എത്തുകയും ചെയ്‍തിരുന്നു.  

എന്നാല്‍ ചിലയാളുകളുടെ കണ്ണുടക്കിയത് മമ്മൂട്ടിയുടെ കൈയ്യിലിരുന്ന ഫോണിലായിരുന്നു, സാംസങ് ഗാലക്സി S20 Ultra 5G സ്‍മാര്‍ട്ട്ഫോണാണ് താരത്തിന്റെ കയ്യിലുണ്ടായിരുന്നത്.  മാര്‍ച്ചിലാണ്‌ ഫോണ്‍ വില്‍പ്പനക്കെത്തിയത്. ഏതായാലും മമ്മൂക്കയുടെ ഫോട്ടോയും സ്‍മാര്‍ട്ട്‍ഫോണും സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോൾ ആരാധകർ ശ്രദ്ധിക്കാതെ പോയ കാര്യമുണ്ട്. എന്താണന്നല്ലെ?

കഥാപാത്രമായി മാറുമ്പോൾ ഒരു നടന് സ്വാഭാവികമായും കടന്നു വരാൻ സാധ്യതയുള്ള തന്‍റേതായുള്ള ചില മാനറിസങ്ങളുണ്ട്, അത്തരത്തിലുള്ള  മാനറിസങ്ങൾ കൊണ്ട്  സിനിമയിലുടനീളം വിസ്‍മയിപ്പിക്കുന്ന താരമാണ് മമ്മൂട്ടി. പ്രത്യേകിച്ച് ആ  കണ്ണുകൾ കൊണ്ട് കഥ പറയാൻ കഴിവുള്ള താരം , ഇനി ട്രെൻഡ് സെറ്റായി മാറിയ മമ്മൂട്ടിയുടെ  ചുവടെയുള്ള ചിത്രം സൂക്ഷിച്ചു നോക്കുക.
 
ആദ്യ ചിത്രത്തിലെ കണ്ണുകളിലേക്ക് ശ്രദ്ധിച്ച് നോക്കിയാല്‍ കാണുന്നത് ചെറിയ പുഞ്ചിരി തൂകുന്ന മുഖവുമായി നിൽക്കുന്ന മമ്മൂക്കയെയാണ്. വാത്സല്യത്തിലും, രാപ്പകലിലുമെല്ലം നിഷ്‍കളങ്കമായി ചിരിതൂകിയ അതെ മമ്മൂട്ടിയെ ആദ്യ ചിത്രത്തില്‍ കാണുവാൻ സാധിക്കും. 

ഇനി അടുത്ത ചിത്രത്തിലേയ്ക്ക് വരാം, ആ ചിത്രത്തിലെ താരത്തിന്റെ കണ്ണുകളിലേക്ക് നോക്കിയാല്‍ കാണുന്നത് വളരെ ഗൗരവം നിറഞ്ഞ ഭാവമാണ്. 

ഒരേ സമയം ഗാംഭീര്യവും പൗരുഷം നിറയുന്ന നായക സങ്കല്‍പങ്ങളുടെ മൂര്‍ത്തീകരണം ആ ചിത്രത്തില്‍ കാണുവാൻ കഴിയും. വാക്കിലെന്ന പോലെ ആ നോട്ടത്തിലും പൗരുഷം തുളുമ്പുന്ന ഭാവം. ഇൻസ്‍പെക്ടർ ബൽറാമും ന്യൂഡൽഹിയിലെ ജി കെയും കിംഗിലെ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സും, അറക്കൽ മാധവനുണ്ണിയായും എല്ലാം ആ കണ്ണുകളിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തുന്നു.  സോഷ്യല്‍ മീഡിയയില്‍ ട്രെൻഡ് സെറ്ററായി മമ്മൂക്ക മാറുമ്പോൾ , മുടി അൽപ്പം വളർത്തി സാൾട്ട് ആൻഡ് പെപ്പർ താടിയുമായുള്ള താരത്തിന്റെ പുതിയ ഗെറ്റപ്പില്‍ ഇനിയും എത്രയോ കൗതുകങ്ങൾ ഒളിഞ്ഞുരിക്കുന്നു.