90കളില്‍ ബോളിവുഡിൽ നിറഞ്ഞുനിന്ന നടിയാണ് മമ്താ കുൽക്കർണി. 2000ത്തിന്റെ തുടക്കം വരെ ബോളിവുഡിൽ സജീവമായിരുന്നു. 1991ൽ തമിഴ് ചിത്രമായ നൻപർകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറി.
മുംബൈ: ഒരുകാലത്ത് ബോളിവുഡിലെ തിരക്കേറിയ നടി മമ്താ കുൽക്കർണി സന്ന്യാസം സ്വീകരിച്ചു. പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തിയ ശേഷമാണ് കിന്നർ അഖാഡയുടെ സന്യാസദീക്ഷ സ്വീകരിച്ചത്. യാമൈ മമത നന്ദഗിരി എന്ന പേരിലാണ് ഇനി അറിയപ്പെടുകയെന്നും മമ്ത പറഞ്ഞു. പിണ്ഡദാനം നടത്തിയ ശേഷം കിന്നര്‍ അഖാഡ മമതയുടെ പട്ടാഭിഷേക ചടങ്ങുകള്‍ നടത്തുകയായിരുന്നു.
ജനുവരി 24നാണ് മഹാകുംഭത്തിലെ കിന്നര്‍ അഖാഡയിലെത്തി ആചാര്യ മഹാമണ്ഡേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മമത സംഗമത്തിലെ പുണ്യജലത്തില്‍ മുങ്ങിയത്. 52 കാരിയായ മമത 2 വര്‍ഷമായി കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. 25 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മമത സന്യാസം സ്വീകരിച്ചത്.
90കളില്‍ ബോളിവുഡിൽ നിറഞ്ഞുനിന്ന നടിയാണ് മമ്താ കുൽക്കർണി. 2000ത്തിന്റെ തുടക്കം വരെ ബോളിവുഡിൽ സജീവമായിരുന്നു. 1991ൽ തമിഴ് ചിത്രമായ നൻപർകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറി. പിന്നീട് മേരെ ദിൽ തേരേ ലിയേ, തിരംഗ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയിൽ ചുവടുറപ്പിച്ചു. പിന്നീട് കൈനിറയെ ചിത്രങ്ങൾ. ചന്ദാമാമ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. എന്നാൽ, വിവാഹത്തിന് പിന്നാലെ, പതിയ സിനിമകളിൽ നിന്ന് അപ്രത്യക്ഷമായി.
2016ല്‍ താനെയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ മമത കുല്‍ക്കര്‍ണിയും ഭര്‍ത്താവും അറസ്റ്റിലായതോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞു. 2000 കോടിയുടെ ലഹരിമരുന്ന് കേസിലാണ് അറസ്റ്റിലായത്. എന്നാല്‍ കോടതി ഈ കേസ് റദ്ദാക്കി. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും മാറിനിന്ന മമത ഏറെക്കാലമായി വിദേശത്തായിരുന്നു.
