വിജയ് നായകനായ മാസ്റ്റര്‍ പൊങ്കല്‍ റിലീസായി നാളെ പ്രദര്‍ശനത്തിന് എത്തുകയാണ്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ റിലീസിന് മുന്നേ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. സിനിമയിലെ രംഗങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ത്തിയ ഒരാള്‍ പിടിയിലായതായി സിനിമാ മാധ്യമമായ ഗലാട്ടയുടെ വാര്‍ത്തയില്‍ പറയുന്നു. ചെന്നൈക്കാരനായ ഒരാള്‍ ആണ് സംഭവത്തില്‍ പിടിയിലായത്. ചോര്‍ന്ന രംഗങ്ങള്‍ പങ്കുവയ്‍ക്കരുതെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ലോകേഷ് കനകരാജ് രംഗത്ത് എത്തിയിരുന്നു.

ഒരു സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയിലെ ജോലിക്കാരനാണ് മാസ്റ്റര്‍ ദൃശ്യം ചോര്‍ത്തിയതിന് പിടിയിലായത്.  മാസ്റ്ററിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് പകരം ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ block@piracy.com എന്ന അക്കൗണ്ടിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സിനിമ പ്രവർത്തകർ   ആവശ്യപ്പെട്ടു.  400 വ്യാജ വെബ്‍സൈറ്റുകള്‍ മദ്രാസ് ഹൈക്കോടതി നിരോധിക്കുകയും ചെയ്‍തിരുന്നു. വിജയ്‍യുടെ അഭിനയം തന്നെയാകും സിനിമയുടെ ആകര്‍ഷണം. ഒരു വിജയ് സിനിമ തിയറ്ററിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും.

മാളവിക മോഹനൻ ആണ് മാസ്റ്ററിലെ നായിക.

മാസ്റ്റര്‍ സിനിമയിലെ ഗാനങ്ങള്‍ എല്ലാം വൻ ഹിറ്റായിരുന്നു.