ദില്ലി: '' ഇത് സണ്ണി ലിയോണാണോ ? സണ്ണി ലിയോണ്‍ ഉണ്ടോ? സണ്ണി ലിയോണിനൊന്ന് ഫോണ്‍ കൊടുക്കുമോ? '' ഇങ്ങനെ ഒരു നൂറ് ചോദ്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുകയാണ് ദില്ലിയിലെ പുനീത് അഗര്‍വാള്‍ എന്ന ചെറുപ്പക്കാരന്‍. തന്‍റെ മൊബൈല്‍ നമ്പറില്‍ വിളിച്ചാണ് ദിവസവും ആളുകള്‍ സണ്ണി ലിയോണിനെ അന്വേഷിക്കുന്നത്. 

സണ്ണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ അര്‍ജുന്‍ പട്യാല എന്ന ചിത്രത്തില്‍ താരം മറ്റൊരു കഥാപാത്രത്തിന് നമ്പര്‍ കൈമാറുന്ന രംഗമുണ്ട്. ഇതിനായി അവര്‍ ഉപയോഗിച്ചിരിക്കുന്ന നമ്പര്‍ ഈ ചെറുപ്പക്കാരന്‍റേതാണ്. ജൂലൈ 26ന് ചിത്രം പുറത്തിറങ്ങിയതോടെയാണ് ആളുകള്‍ ഈ നമ്പറില്‍ വിളി തുടങ്ങിയത്. 

ചിലര്‍ കുശലം ചോദിക്കും. ചിലര്‍ അശ്ലീലം പറയും. മറ്റുചിലര്‍ സണ്ണി ലിയോണിനെ ഫോണില്‍ കിട്ടില്ലെന്ന് അറിയുമ്പോള്‍ ചീത്തവിളിക്കുമെന്നും പുനീത് പറഞ്ഞു. ആദ്യം കാര്യം മനസിലായില്ല. പിന്നീടാണ് അര്‍ജുന്‍ പട്യാല എന്ന ചിത്രത്തില്‍ തന്‍റെ നമ്പര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലായത്. 

സംഭവത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സിനിമക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പുനീത്.