സര്‍ക്കാറിന് നിവേദനം കൊടുക്കാതെ കോടതിയെ നേരിട്ട് സമീപിച്ചതിന് ജൂഹി ചൗളയെ കോടതി വിമര്‍ശിച്ചു. ഹര്‍ജി വിധി പറയാന്‍ മാറ്റി. 

രാജ്യത്ത് 5ജി വയർലെസ് നെറ്റ്‍വർക്ക് നടപ്പിലാക്കുന്നതിനെതിരെ ജൂഹി ചൗള നല്‍കിയ ഹർജി ദില്ലി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ പാട്ടുപാടി ആരാധകന്‍. ഓൺലൈനായി കേസ് പരി​ഗണിക്കുന്നതിനിടെ ആണ് ആരാധകൻ ജൂഹിയുടെ പാട്ടുകൾ പാടിയത്. പിന്നാലെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് ജെ.ആര്‍ മിധ നിര്‍ദേശിച്ചു. 

ജൂഹി എവിടെ എന്ന് ചോദിച്ചു കൊണ്ടാണ് ഇയാൾ ഓൺലൈനിൽ എത്തിയത്. പിന്നാലെ ഇയാളെ മ്യൂട്ട് ചെയ്യാനും കോടതി കോടതി നടപടികളില്‍ നിന്ന് ഒഴിവാക്കാനും ജസ്റ്റിസ് നിര്‍ദേശിച്ചു. എന്നാല്‍ വീണ്ടും തിരികെ പ്രവേശിച്ച് ഇയാള്‍ പാട്ട് തുടരുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. 

1993ല്‍ പുറത്തിറങ്ങിയ 'ഹം ഹെ രഹി പ്യാര്‍ കേ' എന്ന ബോളിവുഡ് സിനിമയിലെ ഖുന്‍ഗത് കി ആദ് സേ എന്ന പാട്ട് പാടി ചിരി ഉയര്‍ത്തിയയാള്‍ പിന്നീട് അയ്‌ന എന്ന സിനിമയിലെ 'മേരീ ബാനോ കി ആയേഡി ഭാരത് കേ ധോല്‍ ബജാവോ ജി' എന്നതുള്‍പ്പെടെയുള്ള പാട്ടുകളും പാടി. 

അതേസമയം, സര്‍ക്കാറിന് നിവേദനം കൊടുക്കാതെ കോടതിയെ നേരിട്ട് സമീപിച്ചതിന് ജൂഹി ചൗളയെ കോടതി വിമര്‍ശിച്ചു. ഹര്‍ജി വിധി പറയാന്‍ മാറ്റി. 5 ജി വയർലെസ് നെറ്റ്‍വർക്ക് ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. 5ജി സേവനം അവതരിപ്പിക്കുന്നതിന് മുമ്പ് അത് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും എത്രത്തോളം ഹാനീകരമാണെന്ന പഠനം നടത്തണമെന്നാണ് ആവശ്യം. മൊബൈൽ സെൽ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെ കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona