ചെന്നൈ: സിനിമാ താരങ്ങളെ നേരില്‍ കാണാനുള്ള അവസരങ്ങള്‍ പാഴാക്കത്തവരാണ് ആരാധകര്‍. എന്നാല്‍ ആരാധനാപാത്രമായ സെലിബ്രിറ്റിയെ നേരില്‍ കാണാന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് 60 ലക്ഷം. നടി കാജല്‍ അഗര്‍വാളിന്‍റെ കടുത്ത ആരാധകനായ തമിഴ്നാട് രാമനാഥപുരം സ്വദേശിക്കാണ് പണം നഷ്ടമായത്.

ഓണ്‍ലൈനില്‍ വ്യാജ ക്ലാസിഫൈഡ് സൈറ്റ് ഉണ്ടാക്കി പ്രതി ശരവണകുമാര്‍ എന്നയാളാണ് യുവാവിന്‍റെ കയ്യില്‍ നിന്നും പണം തട്ടിയെടുത്തത്. ഇന്‍റര്‍നെറ്റില്‍ പരതുമ്പോഴാണ് വെബ്സൈറ്റ് യുവാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള താരങ്ങളെ നേരില്‍ കാണാന്‍ അവസരം ഒരുക്കുന്നു എന്നുള്ളതായിരുന്നു വെബ്സൈറ്റിന്‍റെ വാഗ്ദാനം. ഇതില്‍ ആകൃഷ്ടനായ യുവാവ് തന്‍റെ പേരും മറ്റ് വിവരങ്ങളും  നല്‍കുകയും ഇഷ്ടതാരങ്ങളുടെ ലിസ്റ്റില്‍ നിന്ന് കാജല്‍ അഗര്‍വാളിന്‍റെ പേര് തെരഞ്ഞെടുക്കുകയായിരുന്നു. 

ആദ്യ ഗഡുവായി 50,000 രൂപ അടയ്ക്കാന്‍ വെബ്സൈറ്റ് യുവാവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണമടച്ചതോടെ ഇയാളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച വെബ്സൈറ്റ് യുവാവിനോട് കൂടുതല്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവാവിന്‍റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാളുടെ കയ്യില്‍ നിന്നും 60 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. മൂന്ന് ഗഡുക്കളായാണ് പണം തട്ടിയെടുത്തത്. 

സംഭവത്തെ തുടര്‍ന്ന് നാണക്കേട് ഭയന്ന് യുവാവ് ഒളിവില്‍ പോയി. ഇയാളെ പിന്നീട് പൊലീസ് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങള്‍ ശേഖരിച്ചതിലൂടെയാണ് പ്രതിയായ സിനിമാ നിര്‍മ്മാതാവ് ശരവണകുമാര്‍ എന്ന ഗോപാലകൃഷ്ണനെ പൊലീസ് പിടികൂടിയത്.