മഞ്ചേരി: നടി നൂറിന്‍ ഷെരീഫിനെതിരെ കയ്യേറ്റ ശ്രമം. മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. ബഹളത്തിനിടയില്‍ ആളുകളുടെ കൈ തട്ടി നൂറിന്‍റെ മൂക്കിന് പരിക്കേറ്റു. 

വൈകിട്ട് നാലുമണിക്കായിരുന്നു ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടത്തിനായി എത്തിയ നടിയും അമ്മയും കൃത്യസമയത്ത് തന്നെ ഹോട്ടലില്‍ എത്തി. എന്നാല്‍ കൂടുതല്‍ ആളുകള്‍ ചടങ്ങിലേക്ക് വരട്ടെ എന്ന് പറഞ്ഞ് സംഘാടകര്‍ ഇവരോട് ആറുമണി വരെ ഹോട്ടലില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ആറുമണിക്ക് ഉദ്ഘാടന ചടങ്ങിലേക്ക് നൂറിന്‍ എത്തിയപ്പോള്‍ കാത്തിരുന്ന് മുഷിഞ്ഞ ആള്‍ക്കൂട്ടം രോഷാകുലരാകുകയായിരുന്നു. നൂറിന്‍ എത്തിയ കാറിന് ഇടിച്ച ഇവര്‍ നൂറിനെയും സംഘത്തെയും വള‍ഞ്ഞു. ആള്‍ക്കൂട്ടത്തിന്‍റെ തിക്കിനും തിരക്കിനും ഇടയില്‍പ്പെട്ട് നൂറിന്‍റെ മൂക്കിന് ഇടിയേറ്റു. ഇടിയേറ്റ് നൂറിന്‍റെ മൂക്കിന്‍റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായി. എന്നാല്‍ ജനങ്ങളുടെ ബഹളം നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ മൂക്കിന്‍റെ വേദന സഹിച്ച് നൂറിന്‍ ആളുകളെ ശാന്തരാക്കാന്‍ ശ്രമിക്കുകയായിരുന്നു.

മൈക്ക് എടുത്ത് സംസാരിച്ച നൂറിന്‍ ചടങ്ങില്‍ എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും പറഞ്ഞു. മൂക്കിന് ഇടിയേറ്റ നൂറിന്‍റെ വീഡിയോ ആരോ ഒരാള്‍ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. 'ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്കൂ, കുറച്ചു നേരത്തേക്ക് ബഹളം വക്കാതിരിക്കൂ, എന്നോട് ഒരിത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ' എന്നിങ്ങനെ ആള്‍ക്കൂട്ടത്തിന്‍റെ ബഹളം നിയന്ത്രിക്കാന്‍ നൂറിന്‍ പറയുന്നതും വീഡിയോയില്‍ കാണാം. അതേസമയം കാര്യമെന്തെന്ന് അറിയാതെ നിരവധി പേരാണ് യൂട്യൂബിലെ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്യുന്നത്.