Asianet News Malayalam

'താരങ്ങളടക്കം പ്രതിഫലം കുറയ്ക്കേണ്ടിവരും'; കൊവിഡിന് ശേഷമുള്ള സിനിമയെക്കുറിച്ച് മണി രത്നം

'നിങ്ങള്‍ വിമ്പിള്‍ഡണ്‍ ഫൈനല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മഴ വരുന്നുവെന്ന് വിചാരിക്കുക. കളിയെ അത് ബാധിക്കും, സ്റ്റേഡിയം അടയ്ക്കും. കളി എപ്പോള്‍ പുനരാരംഭിക്കുമെന്ന് നമുക്കപ്പോള്‍ അറിയില്ല..'

mani ratnam about post covid movies
Author
Thiruvananthapuram, First Published May 29, 2020, 7:07 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് കാലം സിനിമാ മേഖലയെ എങ്ങനെയൊക്കെയാവും ബാധിക്കുക എന്ന ചോദ്യത്തിന് സ്വന്തം നിരീക്ഷണങ്ങള്‍ പങ്കുവച്ച് മണി രത്നം. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കേണ്ടിവരുമെന്നും സിനിമകളുടെ ഷൂട്ടിംഗ് ഘട്ടം സമീപകാലത്ത് അടിമുടി മാറ്റത്തിന് വിധേയമാവുമെന്നും മണി രത്നം പറഞ്ഞു. ഒരു വെബിനാര്‍ സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിംബിള്‍ഡണ്‍ ഫൈനലിനിടെ മഴ വരുന്ന അവസ്ഥയോടാണ് സിനിമാ മേഖലയിലെ കൊവിഡ് സ്വാധീനത്തെ മണി രത്നം ഉപമിച്ചത്. "നിങ്ങള്‍ വിമ്പിള്‍ഡണ്‍ ഫൈനല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മഴ വരുന്നുവെന്ന് വിചാരിക്കുക. കളിയെ അത് ബാധിക്കും, സ്റ്റേഡിയം അടയ്ക്കും. കളി എപ്പോള്‍ പുനരാരംഭിക്കുമെന്ന് നമുക്കപ്പോള്‍ അറിയില്ല. അവിടുത്തെ അന്തരീക്ഷവും താളവുമൊക്കെ അപ്പോള്‍ മാറിമറിയും. പക്ഷേ കളി മുന്നോട്ടുതന്നെ പോകും". സിനിമകളുടെ പ്രീ പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്ഷനിലും വ്യത്യാസമുണ്ടാവില്ലെങ്കിലും നിര്‍മ്മാണ ഘട്ടം (പ്രൊഡക്ഷന്‍) വ്യത്യാസപ്പെടുമെന്നും മണി രത്നം ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

"ഉദാഹരണത്തിന് പത്താം നൂറ്റാണ്ട് പശ്ചാത്തലമാക്കിയ ഒരു സിനിമയുടെ നിര്‍മ്മാണത്തിലാണ് ഞാന്‍ (പൊന്നിയിന്‍ സെല്‍വന്‍). വലിയ ജനക്കൂട്ടത്തെ ആവശ്യപ്പെടുന്ന യുദ്ധരംഗങ്ങളുണ്ട് ചിത്രത്തില്‍. അതിനി എങ്ങനെയാണ് ചിത്രീകരിക്കുകയെന്ന് എനിക്കറിയില്ല. പക്ഷേ എങ്ങനെയെങ്കിലും ഞാനത് സാധിച്ചെടുക്കും." ജോലിക്കിടെ ശുചിത്വം പാലിക്കാനും സുരക്ഷിതരായി തുടരാനും സംവിധായകര്‍ ശ്രദ്ധിക്കണമെന്നും മണി രത്നം പറഞ്ഞു.

 

സ്മോള്‍, മീഡിയം ബജറ്റ് സിനിമകള്‍ക്ക് ഒടിടി പ്ലാറ്റ്ഫോമുകള്‍ മികച്ച അവസരമാണ് ഒരുക്കുന്നതെന്ന അഭിപ്രായമാണ് അദ്ദേഹവും പങ്കുവച്ചത്. "ഡിജിറ്റല്‍ ഉള്ളടക്കം അവയുടെ സ്റ്റൈലിലും അവതരണത്തിലുമൊക്കെ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. തീയേറ്ററില്‍ സിനിമ കാണുക എന്ന അനുഭവത്തിന് പകരമില്ല. പക്ഷേ തീയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും മധ്യവര്‍ഗ്ഗത്തിന്‍റെയും സ്ത്രീകളുടെയും. അപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മാതാക്കള്‍ക്ക് പുതിയൊരു മേഖല തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്", മണി രത്നം കൂട്ടിച്ചേര്‍ത്തു.

മണി രത്നം പൊന്നിയിന്‍ സെല്‍വന്‍ എന്ന പിരീഡ് സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കവെയാണ് കൊവിഡും തുടര്‍ന്ന് ലോക്ക് ഡൗണും വരുന്നത്. കല്‍ക്കി രചിച്ച ചരിത്ര നോവലിന്‍റെ സിനിമാരൂപമാണ് ഇത്. വിക്രം, കാര്‍ത്തി, ജയം രവി, വിക്രം പ്രഭു, ഐശ്വര്യ റായ്, ത്രിഷ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്.

Follow Us:
Download App:
  • android
  • ios