സിനിമകള്‍ക്കൊപ്പം സിരീസുകളുടെ നിര്‍മ്മാണവും ലക്ഷ്യം

പുതിയ സിനിമാ നിര്‍മ്മാണ കമ്പനിയുമായി തമിഴിലെ 11 പ്രമുഖ സംവിധായകര്‍. മണി രത്നം, ഷങ്കര്‍ എന്നിവര്‍ക്കൊപ്പം ഗൗതം വസുദേവ് മേനോന്‍, എ ആര്‍ മുരുഗദോസ്, മിഷ്‍കിന്‍, വെട്രിമാരന്‍, ലിംഗുസാമി, ശശി, വസന്ത ബാലന്‍, ബാലാജി ശക്തിവേല്‍, ലോകേഷ് കനകരാജ് എന്നിവരാണ് നിര്‍മ്മാണക്കമ്പനിയുമായി എത്തുന്നത്. 'റെയിന്‍ ഓണ്‍ ഫിലിംസ് പ്രൈ. ലി.' എന്നാണ് കമ്പനിയുടെ പേര്.

തിയറ്ററുകള്‍ക്കൊപ്പം ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോമുകളില്‍ ഡയറക്റ്റ് റിലീസിന് ഉതകുന്ന ഉള്ളടക്കങ്ങളും നിര്‍മ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സംവിധായകന്‍ വെട്രിമാരന്‍റെ ഓഫീസ് ആയിരിക്കും നിലവില്‍ റെയിന്‍ ഓണ്‍ ഫിലിംസിന്‍റെയും ഓഫീസ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍മ്മാണ കമ്പനിയിലെ അംഗം തന്നെയായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇവരുടെ ആദ്യ നിര്‍മ്മാണ സംരംഭമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്‍റെ ചുവടുപിടിച്ച് ലോകേഷ് മുന്‍പ് സൂര്യയെ നായകനാക്കി ചെയ്യാന്‍ ആലോചിച്ച 'ഇരുമ്പു കൈ മായാവി' ആയിരിക്കും ഈ ചിത്രമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്നാല്‍ ബന്ധപ്പെട്ടവരാരും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം പ്രമുഖ സംവിധായകര്‍ക്കൊപ്പം പുതിയ ആശയങ്ങള്‍ക്കും യുവാക്കളായ ഓഫ്ബീറ്റ് സംവിധായകര്‍ക്കും അവസരം സൃഷ്ടിക്കുകയും കമ്പനിയുടെ ലക്ഷ്യമാണെന്ന് അറിയുന്നു. നെറ്റ്ഫ്ളിക്സിലൂടെ എത്തിയ ആന്തോളജി ചിത്രം 'നവരസ'യുടെ നിര്‍മ്മാണം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ജയേന്ദ്ര പഞ്ചാപകേശന്‍റെ ക്യൂബ് സിനിമ ടെക്നോളജീസും ചേര്‍ന്ന് ആയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona