'പൊന്നിയിൻ സെല്‍വൻ' കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴകത്തെ ബ്രഹ്‍മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വൻ' സ്‍ക്രീനിലെത്തിയിരിക്കുന്നു. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ കുറിച്ച് ഗംഭീര പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 'പൊന്നിയിൻ സെല്‍വൻ' ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

'ബാഹുബലി'യുമായിട്ടൊന്നും 'പൊന്നിയിൻ സെല്‍വനെ' താരതമ്യം ചെയ്യരുത്. ഗംഭീര ക്ലൈമാസാണ്. ചിത്രം ഒരു മണിരത്നം മാജിക്കാണ്. എ ആര്‍ റഹ്‍മാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുവെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ കഥാപാത്രം മികച്ച എന്റര്‍ടെയ്‍നറാണ്. ജയം രവി മാസ്‍മരിക പ്രകടനവുമായി നിറഞ്ഞുനില്‍ക്കുന്നുവെന്ന് ഒരു വിഭാഗം എഴുതിയിരിക്കുമ്പോള്‍ ഐശ്വര്യ റായിയുടെ അഭിനയമാണ് ഏറെ ഇഷ്‍ടപ്പെട്ടത് എന്ന് മറ്റൊരു കൂട്ടര്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More : 'കരികാല'നും 'നന്ദിനി'യും യഥാര്‍ഥത്തില്‍ ആരാണ്? 'പൊന്നിയിൻ സെൽവൻ' കാണും മുന്നേ അറിയേണ്ട കാര്യങ്ങള്‍