വിജയ് സേതുപതി, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു

വിജയ് സേതുപതി, സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണി രത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ഇഞ്ചി വെള്ളം എന്നാണ് ചിത്രത്തിന്‍റെ പേര്. ഇന്നലെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. ടൈറ്റിലിനൊപ്പം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്. വിജയ് സേതുപതിയുടെയും സായ് പല്ലവിയുടെയും കഥാപാത്രങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. അകമ്പടിയായി മഴയുടെ പശ്ചാത്തലവും ഉണ്ട്. തഗ് ലൈഫിന് ശേഷം മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 2027 ജനുവരിയില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. അവിക് മുഖോപാധ്യായ് ആണ് ഛായാഗ്രാഹകന്‍. പിങ്ക്, സര്‍ദാര്‍ ഉദ്ധം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ഇദ്ദേഹം ആയിരുന്നു. വിജയ് സേതുപതിയും സായ് പല്ലവിയും മണി രത്നത്തിന്‍റെ ഒരു റൊമാന്‍റിക് ചിത്രത്തില്‍ ഒരുമിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. മണി രത്നത്തിന്‍റെ 2018 ചിത്രം ചെക്ക ചിവന്ത വാനത്തില്‍ വിജയ് സേതുപതി മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സിനിമയുടെ അടുത്തിടെ നടന്ന ചിത്രീകരണം കൊല്‍ക്കത്തയില്‍ ആയിരുന്നു. വന്‍ ഹൈപ്പോടെ എത്തി, എന്നാല്‍ തിയറ്ററുകളില്‍ വലിയ പരാജയമായ തഗ് ലൈഫിന് ശേഷം മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രം ആയതിനാല്‍ വലിയ കൗതുകത്തോടെയാണ് കോളിവുഡും പ്രേക്ഷകരും ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആരംഭിച്ച ബിഗ് ബോസ് തമിഴിന്‍റെ അവതാരകന്‍ എന്നതിനൊപ്പം മറ്റ് സിനിമാ തിരക്കുകളിലുമാണ് വിജയ് സേതുപതി. മണി രത്നം ചിത്രം കൂടാതെ മറ്റ് പല പ്രധാന പ്രോജക്റ്റുകളും അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സ്ലം ഡോഗ്, ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പോക്കറ്റ് നോവല്‍, ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം, രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്യുന്ന ഫര്‍സി 2 എന്നിവയാണ് വിജയ് സേതുപതിയുടേതായി അണിയറയിലുള്ള മറ്റ് പ്രോജക്റ്റുകള്‍. അതേസമയം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന രാമായണയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് സായ് പല്ലവി. ധനുഷും മമ്മൂട്ടിയും ഒരുമിക്കുന്ന ഓം ചാപ്റ്റര്‍ 1 എന്ന ചിത്രത്തിലും സായ് പല്ലവി അഭിനയിക്കുന്നുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming