'മായിൻകുട്ടി' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബിഗ് ബോസ് ജേതാവായ മണിക്കുട്ടൻ അഭിനയിക്കുന്നത്.

മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനായി (Marakkar: Arabikadalinte Simham) കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള ചിത്രം ഒടിടിയിലേക്ക് എന്ന് ആദ്യം ആശങ്കകളുണ്ടായെങ്കിലും ഒടുവില്‍ തീയേറ്ററുകളിലേക്ക് എത്തുമെന്ന് ഉറപ്പിച്ചതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ഇപോഴിതാ മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്ന മണിക്കുട്ടന്റെ (Manikuttan) ഫോട്ടോയാണ് പ്രചരിക്കുന്നത്.

മായിൻകുട്ടി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗംഭീര ലുക്കിലാണ് ചിത്രത്തിന്റെ ഫോട്ടോയില്‍ മണിക്കുട്ടനെ കാണാനാകുന്നത്. ബിഗ് ബോസ് വിജയി ആയതിന് ശേഷം വൻ ഫാൻ ബേസ് ഉള്ള താരമാണ് മണിക്കുട്ടൻ. ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഒന്നാമതെത്തിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പൂവാരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാല്‍ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി മരക്കാര്‍: അറബിക്കടലിന്റെ സിംഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.