വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.

തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാപ്രേക്ഷകരെത്തേടി മൂന്ന് ഓണം റിലീസുകളാണ് ഇത്തവണ എത്തിയത്. ഡയറക്ട് ഒടിടി റിലീസുകളായി മഹേഷ് നാരായണന്‍റെ സി യു സൂണും നവാഗതനായ ഷംസു സായ്‍ബായുടെ മണിയറയിലെ അശോകനും ഇവയ്ക്കൊപ്പം ഏഷ്യാനെറ്റിലൂടെ ഡയറക്ട് ടെലിവിഷന്‍ ആയി ജിയോ ബേബിയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സും. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ത്തന്നെ മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയെങ്കിലും ഈ മൂന്ന് ചിത്രങ്ങള്‍ക്കും ഏറിയും കുറഞ്ഞും പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. ഇതില്‍ മണിയറയിലെ അശോകന്‍ പിന്നാലെ ഏഷ്യാനെറ്റിലൂടെ ടെലിവിഷന്‍ പ്രീമിയറായും എത്തി. ഇപ്പോഴിതാ ചിത്രം ടെലിവിഷന്‍ പ്രീമിയറില്‍ നേടിയ റേറ്റിംഗ് പുറത്തെത്തിയിരിക്കുകയാണ്. 

സെപ്റ്റംബര്‍ 27 ഞായറാഴ്ചയായിരുന്നു ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍. 9.23 ലക്ഷം ഇംപ്രഷനുകളാണ് ചിത്രത്തിന് ലഭിച്ചതെന്നാണ് പുറത്തുവന്നിരിക്കുന്ന കണക്കുകള്‍. ബാര്‍ക് റേറ്റിംഗ് (ബ്രോഡ്‍കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) അനുസരിച്ചുള്ള കണക്കാണിത്. തിരുവോണദിനത്തില്‍ പ്രീമിയര്‍ ചെയ്ത ടൊവീനോ ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിനെ അപേക്ഷിച്ച് കൂടുതല്‍ ഇംപ്രഷനുകള്‍ നേടിയിട്ടുണ്ട് മണിയറയിലെ അശോകന്‍. 8.11 ലക്ഷം ഇംപ്രഷനുകളായിരുന്നു കിലോമീറ്റേഴ്സ് നേടിയത്. 

വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ അതിഥിവേഷത്തിലെത്തിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങിയവരും കഥാപാത്രങ്ങളായി. വിനീത് കൃഷ്ണന്‍റേതാണ് രചന. ഛായാഗ്രഹണം സജാദ് കാക്കു.