ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രം 'മണിയറയിലെ അശോകന്‍' ഡയറക്ട് ഒടിടി റിലീസ് ആയി നെറ്റ്ഫ്ളിക്സ് വഴി എത്തുന്ന കാര്യം കഴിഞ്ഞയാഴ്ച സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഈ മാസം പതിനഞ്ചിന് നെറ്റ്ഫ്ളിക്സ് പുറത്തുവിട്ട പുതിയ റിലീസിംഗ് ലിസ്റ്റില്‍ മണിയറയിലെ അശോകന്‍ എന്ന പേരും റിലീസിംഗ് തീയ്യതിയും ഉണ്ടായിരുന്നു. ഈ മാസം 31ന്, തിരുവോണദിനത്തില്‍ ചിത്രം എത്തുമെന്നായിരുന്നു നെറ്റ്ഫ്ളിക്സ് പുറത്തുവിട്ട ലിസ്റ്റില്‍. എന്നാല്‍ നിര്‍മ്മാതാവായ ദുല്‍ഖര്‍ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഡയറക്ട് ഒടിടി റിലീസ് സ്ഥിരീകരിക്കുകയാണ് ദുല്‍ഖറും.

"വേഫേയറര്‍ ഫിലിംസില്‍ ഞങ്ങളെ എല്ലാവരെയും സംബന്ധിച്ച് ഏറെ ആവേശകരമായ ഒരു തിരുവോണമാണ് വരാനിരിക്കുന്നത്. മണിയറയിലെ അശോകന്‍ നെറ്റ്ഫ്ളിക്സിലൂടെ തിങ്കളാഴ്ചയാണ് എത്തുന്നത്. ഒരുപാട് കാരണങ്ങളാല്‍ സ്പെഷ്യല്‍ ആണ് ഈ ചിത്രം. വിചിത്രസ്വഭാവമുള്ള ഈ പ്രണയകഥ ഒരുക്കിയ അണിയറക്കാരെക്കുറിച്ച് ഏറെ അഭിമാനമുണ്ട് എനിക്ക്. ചിത്രം നിങ്ങള്‍ കാണികളിലേക്ക് എത്തുന്നത് കാത്തിരിക്കാന്‍ വയ്യ", ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണന്‍റേതാണ് തിരക്കഥ. സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീഹരി കെ നായർ സംഗീതം. ഷിയാസ് അമ്മദ്കോയയുടേതാണ് വരികൾ. മലയാളത്തിലെ രണ്ടാമത്തെ ഡയറക്ട് ഒടിടി റിലീസ് ആണ് മണിയറയിലെ അശോകന്‍. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും ആണ് മലയാളത്തിലെ ആദ്യ ഡയറക്ട് ഒടിടി റിലീസ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.