മഞ്‍ജു പത്രോസിന്റെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

സീരിയൽ രംഗത്തും സിനിമയിലും ഒരുപോലെ മികവ് കാട്ടിയിട്ടുള്ള താരമാണ് മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി. റിയാലിറ്റി ഷോയിൽ ഭർത്താവ് സുനിച്ചനൊപ്പമാണ് മഞ്ജു പങ്കെടുത്തത്. എന്നാൽ കുറച്ചു നാളുകളായി മഞ്ജുവിനൊപ്പം സുനിച്ചനെ കാണാറില്ലാത്തതിനെത്തുടർന്ന് ഇരുവരും പിരിഞ്ഞോ എന്ന തരത്തിലും ചോദ്യങ്ങൾ ഉയർന്നിരുന്നു. തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു. ഇപ്പോൾ സുനിച്ചനെക്കുറിച്ച് താരം പറ‍ഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.

''ഭർത്താവ് ഉള്ളത് കൊണ്ടല്ലേ അങ്ങനെയൊരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പറ്റിയത് എന്ന് ചോദിക്കുന്നവരുണ്ട്. അത് സത്യമാണ്. അദ്ദേഹം ഉള്ളതു കൊണ്ടാണ് അതിൽ പങ്കെടുക്കാൻ പറ്റിയത്. പക്ഷെ അതിന് ശേഷം ഇവിടെ നിലനിൽക്കണമെങ്കിൽ കഴിവ് വേണമല്ലോ. വഴി തുറന്ന് തന്നത് അദ്ദേഹവും കൂടിയായിരിക്കും. അദ്ദേഹം സമ്മതിച്ചതു കൊണ്ടല്ലേ ജോലിക്കു പോകാൻ പറ്റിയത്, അദ്ദേഹത്തെപ്പറ്റി ഒരിടത്തും പറയാറില്ലല്ലോ എന്ന് പറയുന്നവരുണ്ട്. തീർച്ചയായും പുള്ളി സമ്മതിച്ചത് കൊണ്ടാണ്. പക്ഷേ വേറെന്ത് വഴി ഉണ്ടായിരുന്നു?'', എന്നും മഞ്ജു പത്രോസ് ചോദിച്ചു.

''ഞാൻ ജോലിക്കു പോകേണ്ടത് എന്റെ കുടുംബത്തിന്റെ ആവശ്യമായിരുന്നു. അത് ഒരാൾ ഒരാളോട് ചെയ്‍ത ഔദാര്യം ഒന്നുമായിരുന്നില്ല. അവളുടെ കലാ ജീവിതം വളരട്ടെ എന്നോർത്ത് ചെയ്‍ത നന്മയുമല്ല. ഞങ്ങളുടെ ആവശ്യമായിരുന്നു അത്.

പിന്നെ ആളുകളുടെ ഇത്തരം ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയാറില്ല. അത്രയേറെ കഷ്ടപ്പാടുകൾ സഹിച്ച കാലമുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു പോലും ചിന്തിച്ച സമയമുണ്ട്. കിഡ്‍നി വിൽക്കുന്നതിനെക്കുറിച്ചു പോലും ആലോചിച്ചിരുന്നു. ആരോടും പരാതിയില്ല. പണമില്ലാതെ ജീവിക്കാൻ പറ്റില്ല. സ്നേഹം അടുപ്പിലിട്ട് പുഴുങ്ങിയാൽ അരി ആകില്ല'', എന്നും മഞ്ജു പത്രോസ് അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക