Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ സഹായവുമായി രജിത് കുമാര്‍ എത്തിയെന്ന് വ്യാജവാര്‍ത്ത; നിയമനടപടിയെന്ന് മഞ്ജു പത്രോസ്

'വ്യൂവര്‍ഷിപ്പ് മാത്രം ലക്ഷ്യംവച്ചാണ് ഇതു ചെയ്യുന്നത്. ഇത്തരം യുട്യൂബ് ചാനലുകള്‍ക്കെതിരെ എന്തായാലും പരാതി കൊടുക്കും. ബിഗ് ബോസില്‍ നിന്ന് വന്നതിനു ശേഷം ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. അതില്‍ എഴുപത് ശതമാനത്തോളം തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഒട്ടും സഹിക്കാനാവാത്തതിന് മാത്രമേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുള്ളൂ.'

manju pathrose to file complaint against fake news
Author
Thiruvananthapuram, First Published Apr 23, 2020, 1:35 PM IST

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന രജിത് കുമാര്‍ തന്‍റെ വീട്ടിലേക്ക് അവശ്യസാധനങ്ങളുമായി എത്തിയെന്ന വ്യാജവാര്‍ത്തക്കെതിരെ പ്രതികരണവുമായി ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായിരുന്ന മഞ്ജു പത്രോസ്. മഞ്ജുവിന്‍റെ വീട്ടിലേക്ക് അവശ്യവസ്തുക്കളുമായി രജിത് കുമാര്‍ എത്തിയെന്നും മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞെന്നുമൊക്കെ ഒരു യുട്യൂബ് ചാനലാണ് വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെ മഞ്ജു പ്രതികരിച്ചു.

"ലോക്ക് ഡൗണ്‍ സമയത്ത് അത്യാവശ്യ സാധനങ്ങള്‍ ഞങ്ങളുടെ വീട്ടിലുണ്ട്. ഒരു തരത്തിലുള്ള സഹായവും ഇപ്പോള്‍ എനിക്ക് വേണ്ടിവരില്ല. നാളെ എന്താവും അവസ്ഥയെന്ന് അറിയില്ല. ഇപ്പോള്‍ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. അതുകൊണ്ടുതന്നെ സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തട്ടെയെന്നാണ് പ്രാര്‍ഥന. സുഹൃത്തുക്കളുമൊത്ത് ചെയ്യാനാവുന്നത് ചെയ്യുന്നുമുണ്ട്." ഈ സാഹചര്യത്തിലാണ് ഡോ: രജിത് കുമാര്‍ സഹായവുമായി തന്‍റെ വീട്ടിലേക്ക് എത്തിയെന്ന വ്യാജവാര്‍ത്ത ശ്രദ്ധയില്‍ പെട്ടതെന്നും മഞ്ജു പത്രോസ് പറയുന്നു.

സംഭവിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് എന്തിനാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്ത പടച്ചുവിടുന്നതെന്നും മഞ്ജു പത്രോസ് ചോദിക്കുന്നു. "വ്യൂവര്‍ഷിപ്പ് മാത്രം ലക്ഷ്യംവച്ചാണ് ഇതു ചെയ്യുന്നത്. ഇത്തരം യുട്യൂബ് ചാനലുകള്‍ക്കെതിരെ എന്തായാലും പരാതി കൊടുക്കും. ബിഗ് ബോസില്‍ നിന്ന് വന്നതിനു ശേഷം ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. അതില്‍ എഴുപത് ശതമാനത്തോളം തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഒട്ടും സഹിക്കാനാവാത്തതിന് മാത്രമേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുള്ളൂ. പക്ഷേ ഇത് വളരെ മോശമായിപ്പോയി. സഹായം സ്വീകരിക്കുന്നത് മോശമാണെന്നല്ല. പക്ഷേ അത് അര്‍ഹിക്കുന്നവര്‍ വേണം സ്വീകരിക്കാന്‍. ഇപ്പോള്‍ അത്തരം ഒരു അവസ്ഥ എനിക്കില്ല. നാളെ അങ്ങനെ ഒരു സാഹചര്യം വന്നാല്‍ സുഹൃത്തുക്കളോടോ നിങ്ങളോടൊ ഒക്കെ ഞാന്‍ സഹായം ചോദിക്കും. ഇന്ന് ഇത്തരത്തില്‍ ഒരു വ്യാജപ്രചാരണം നടത്തുന്നത് മോശമല്ലേ? ഇതില്‍ ആ യുട്യൂബ് ചാനലുകാരോടാണ് എനിക്ക് സംസാരിക്കാനുള്ളത്. അല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല", മഞ്ജു പത്രോസ് പറയുന്നു.

Follow Us:
Download App:
  • android
  • ios