Asianet News MalayalamAsianet News Malayalam

'പുറമേ വെളുത്തിരുന്ന് എന്തുകാര്യം, ഉള്ളുമുഴുവൻ കരിയാണെങ്കില്‍'; സൂപ്പര്‍ മാര്‍ക്കറ്റിലെ സംഭവത്തിൽ മഞ്ജു

പുതിയ തലമുറയില്‍പ്പെട്ടവർക്കും നിറം വലിയ പ്രശ്‍നമാണോ എന്ന ചോദ്യത്തിന് 'ഇത്തരത്തിൽ ചിന്തിക്കുന്ന പഴയ തലമുറ ആയാലും പുതിയ തലമുറ ആയാലും അത് നല്ലതല്ലെന്നേ പറയാനുള്ളൂ' എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. 

manju sunichen response about new facebook post
Author
Thiruvananthapuram, First Published Oct 7, 2020, 4:13 PM IST

നിറത്തിന്റെ പേരിൽ തിരുവനന്തപുരത്തെ ഒരു സൂപ്പർ മാർക്കറ്റിൽ വച്ച് നേരിട്ട അനുഭവം കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ–ചലച്ചിത്രതാരമായ മഞ്ജു സുനിച്ചൻ പങ്കുവച്ചത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്‍തു. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതൽ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് താനെന്നും അതൊക്കെ കേട്ടിട്ട് അന്നൊക്കെ വീട്ടിൽ വന്ന് കണ്ണാടി നോക്കി കരഞ്ഞിട്ടുണ്ടെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയാണ് മഞ്ജു.

'പൊതുവേ നിറം കുറവുള്ള എല്ലാവരും നിത്യ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്‍നമാണിത്. അങ്ങനെ ഉള്ളവരെ സംബന്ധിച്ച് പുറത്ത് പോകുമ്പോഴുണ്ടാകുന്ന സംസാരങ്ങൾ വേദനിപ്പിക്കും. എനിക്ക് ഉണ്ടായ ഒരു അനുഭവം ഫേസ്ബുക്ക് വാളിൽ എഴുതി എന്നേ ഉള്ളൂ. പൊതുവേ മേക്കപ്പ് ഉപയോ​ഗിക്കുന്ന ആളല്ല ഞാൻ. മേക്കപ്പിന് പ്രധാന്യമുള്ള വർക്കുകൾ വളരെ കുറച്ച് മാത്രമേ ചെയ്‍തിട്ടുള്ളൂ. കണ്ണെഴുതി പൊട്ട് വയ്ക്കും, മേക്കപ്പെന്ന് പറയുന്നത് അതല്ലല്ലോ' എന്ന് മഞ്ജു ചോദിക്കുന്നു. 

'ആന്തരിക സൗന്ദര്യമാണ് യഥാർത്ഥ സൗന്ദര്യം. അതാണ് ശരി. നമ്മൾ എത്ര തന്നെ കണ്ണെഴുതി പൊട്ട് തൊട്ട് അടുക്കളയിൽ നിൽക്കുമ്പോൾ, വെളിച്ചെണ്ണ ഒന്ന് പൊട്ടിത്തെറിച്ച് മുഖത്തോട്ട് വീണാൽ തീർന്നു. സൗന്ദര്യം കാണുന്നവന്റെ കണ്ണിലും മനസിലുമാണ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. പുറമേ വെളുത്തിരുന്ന് ഉള്ളുമുഴുവൻ കരിപിടിച്ചിരുന്നാൽ അതുകൊണ്ട് കാര്യമില്ലല്ലോ. നമ്മുടെ അടുത്ത് ആളുകൾ വരാൻ മടിക്കും. അപ്പോൾ തെളിഞ്ഞ ചിന്തയോട് കൂടി, സൗഹൃദത്തോട് കൂടി മുന്നോട്ട് പോകുക. സ്നേഹിക്കുക' മഞ്ജു പറഞ്ഞു.
 
പുതിയ തലമുറയില്‍പ്പെട്ടവർക്കും നിറം വലിയ പ്രശ്‍നമാണോ എന്ന ചോദ്യത്തിന് 'ഇത്തരത്തിൽ ചിന്തിക്കുന്ന പഴയ തലമുറ ആയാലും പുതിയ തലമുറ ആയാലും അത് നല്ലതല്ലെന്നേ പറയാനുള്ളൂ' എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. നിലവിൽ അളിയൻസ് എന്ന പരമ്പരയിലാണ് മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്നത്. "ലോക്ക്ഡൗൺ ഓക്കെ ആയിട്ട് ഷൂട്ടിങ്ങുകളൊക്കെ തുടങ്ങുന്നതെ ഉള്ളൂ. പുതിയ  പ്രൊജക്ടുകളൊക്കെ വൈകും. രണ്ട് മൂന്ന് പടങ്ങളൊക്കെ നേരത്തെ പറഞ്ഞിരുന്നു. അതൊക്കെ ക്യാൻസലായി. നിലവിൽ അളിയൻസാണ് ചെയ്‍തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ജീവിച്ച് പോകുന്നത്" മഞ്ജു പറഞ്ഞു.

മഞ്ജു ഫേസ്ബുക്കിൽ കുറിച്ച വരികൾ

പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളെ.. പ്രത്യേകം എടുത്തു പറയുന്നു, എന്റെ സുഹൃത്തുക്കളോട് മാത്രമാണ് ഞാൻ ഇത് പറയുന്നത്.. 

എനിക്ക് ഒരു വിഭാഗം ആളുകളെ കുറിച്ച്  നിങ്ങളോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്.. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതൽ  ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ... അതൊക്കെ കേട്ടിട്ട് അന്നൊക്കെ  വീട്ടിൽ വന്ന് കണ്ണാടി നോക്കി കരഞ്ഞിട്ടുണ്ട്.. പൈസ ഇല്ലാഞ്ഞിട്ടും പരസ്യത്തിൽ fair and lovely തേച്ചു പെണ്ണുങ്ങൾ വെളുക്കുന്നത് കണ്ട് അതും പപ്പയെ കൊണ്ടു മേടിപ്പിച്ചു തേച്ചു നോക്കിയിട്ടുണ്ട്. പണ്ടേ കറുത്തിരുന്ന മുഖത്ത് കുറെ കുരു വന്നതല്ലാതെ കൈ വെള്ള പോലും വെളുത്തില്ല.. പിന്നീട് കുറച്ചു കൂടി മുതിർന്നപ്പോൾ മനസിലായി ഈ  കളർ എന്ന് പറയുന്നത്   ഒരു ഉണ്ടയും അല്ലെന്ന്. അങ്ങനെ ഞാൻ എന്നെയും എന്റെ നിറത്തെയും സ്നേഹിക്കാൻ തുടങ്ങി... 

പിന്നീട് ഞാൻ നന്നായി ഒരുങ്ങും.. പൊട്ട് വെക്കും.. പൌഡർ ഇടും... കണ്ണെഴുത്തും... ഇതൊക്കെ ചെയ്ത് ഞാൻ എന്നെ കണ്ണാടിയിൽ നോക്കുമ്പോൾ എന്തൊരു സന്തോഷമാണെന്നോ.. പൌഡർ ഇട്ടതു കൊണ്ടു വെളുത്തു എന്ന തോന്നലിലല്ല.. മറിച് ഒരുങ്ങിയപ്പോൾ എന്നെ എനിക്ഷ്പ്പെട്ടതു കൊണ്ടാണ്.. 

ഇപ്പോഴും ഞാൻ ഒരുങ്ങും.കണ്ണെഴുതും പൊട്ട് വെക്കും.. ലിപ്സ്റ്റിക് ഇടും..പൌഡർ ഇടാറില്ല, മറ്റൊന്നും കൊണ്ടല്ല മുഖം dry ആകുന്നത് കൊണ്ട്.. പക്ഷെ ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നം ഞാൻ ഒന്ന് ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം സേട്ടൻമാരും സെച്ചിമാരും ഉടനെ വരും കറുപ്പായിരുന്നു നല്ലത്.. പുട്ടി ഇട്ടിരിക്കുവാനോ.. ചായത്തിൽ വീണോ എന്നൊക്കെ ചോദിച്ചു കൊണ്ട്. ഏറ്റവും രസം എന്താണെന്നു വെച്ചാൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഷൂട്ടിനല്ലാതെ ഞാൻ നിങ്ങൾ പറഞ്ഞു കളിയാക്കുന്ന പുട്ടി എന്നു പറയുന്ന ഫൌണ്ടേഷൻ ഉപയോഗിക്കാറില്ല. പിന്നെ അത് വാരി തേച്ചാലോ അതിലേക്ക് മറിഞ്ഞു വീണാലോ ഈ പറയുന്ന ഭംഗി ഉണ്ടാവുകയുമില്ല. പുട്ടി കഥ പറയുന്ന നല്ലവരായ ആളുകളോട് പലപ്പോഴും ചോദിക്കാൻ തോന്നാറുണ്ട്. കറുത്തവർ make up ചെയ്യുമ്പോൾ നിങ്ങൾക്ക് എവിടെ ആണ് പൊള്ളുന്നത്.ഒരു കാര്യം നിങ്ങൾ മനസിലാക്കണം make up ചെയ്യുന്നത് skin tonil ആണ്. അല്ലാതെ white വാഷ് അല്ല. 

കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാം... ഞാൻ തിരുവനന്തപുരം വഴുതക്കാട് ഉള്ള റിലൈൻസ് ഫ്രഷിൽ ഒരുദിവസം പോയി.വണ്ടി പെട്ടെന്ന് വന്നത് കൊണ്ട് കണ്ണ് എഴുതാൻ പോയിട്ട് ഒരു പൊട്ട് വെക്കാൻ പോലും പറ്റിയില്ല. കയ്യിൽ കിട്ടിയ മാസ്കും എടുത്തുവെച്ചു കാറിലേക്ക് ഓടി കയറിയതാണ്. ബാഗിൽ ഒരു ക്ലിപ്പ് ഉണ്ടായിരുന്നത് കൊണ്ട് മുടിയിൽ ഇടാൻ സാധിച്ചു. ഇപ്പോൾ നിങ്ങൾക് ഊഹിക്കാം ഞാൻ ഏത് വിധത്തിൽ ആണ് പോയിട്ടുണ്ടാവുക എന്ന്. അങ്ങനെ കടയിൽ കയറി.. സാധനങ്ങൾ എടുക്കുമ്പോൾ എനിക്ക് പുറകിൽ നിന്ന കടയിലെ staff പെൺകുട്ടി എന്തോ പിറുപിറുക്കുന്നു.  ശ്രദ്ധിച്ചപ്പോൾ മനസിലായി,  എന്നെ കുറിച്ചാണ്.. അവൾ ആ കടയിലെത്തന്നെ മറ്റൊരു staff പയ്യന്  എന്നെ മനസിലാക്കി കൊടുക്കുകയാണ്. ഞാൻ തിരിഞ്ഞു നിന്ന് ചിരിച്ചു.. ഒരു കാര്യവുമുണ്ടായില്ല. വൃത്തിയായി ഞാൻ ചമ്മി.. കാരണം ഞാൻ അറിയാതിരിക്കാൻ തിരിഞ്ഞു നിന്നായിരുന്നു അവരുടെ സംസാരം. ഞാൻ മെല്ലെ ഇപ്പുറത്തെ സൈഡിൽ വന്നു വെണ്ടയ്ക്ക പെരുകുമ്പോൾ കടയിലെ ചെറുക്കന്റെ അടക്കിപിടിച്ചുള്ള സംസാരം.." അയ്യേ എന്തോന്നിത് "(ഞാൻ ഞെട്ടി.. എന്നെയാണ്.. ഞാൻ തുണിയുടുത്തിട്ടുണ്ടല്ലോ ദൈവമേ.. ഇവൻ എന്ത് അയ്യേ വെച്ചത്, ഒന്നും മനസിലായില്ല )അപ്പോൾ അടുത്തത്.. "ഇവൾ എന്തോന്ന് കാണിച്ചേക്കുന്നത്" (വീണ്ടും എന്റെ ഞെട്ടൽ.. എടുക്കാൻ പാടില്ലാത്തത് എന്തേലും ഞാൻ എടുത്തോ? )അപ്പൊ വെള്ളിടി പോലെ അടുത്ത അവന്റെ ഡയലോഗ്.. "എന്തൊരു മേക്കപ്പ്.. എന്തൊരു മേക്കപ്പ്. അയ്യേ.. വൃത്തികേട്.. എന്തൊരു കറുത്തതായിരുന്നു അവൾ.. അയ്യേ.. "അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.. എനിക്ക് കുരു പൊട്ടി.. ഞാൻ മേക്കപ്പ് ചെയ്താലോ ചെയ്തില്ലെങ്കിലോ ഇവനെന്താ. കടയിൽ വരുന്നവരുടെ ഇത്തരം കാര്യങ്ങൾ ആരും ശ്രദ്ധിക്കില്ല. പക്ഷെ ഞാൻ കറുത്തത് ആയതാണ് ആ സായിപ്പൻകുഞ്ഞിന്റെ പ്രശ്നം  .. അവിടുത്തെ ലൈറ്റ് അടിയിൽ നിന്നപ്പോൾ കുറച്ചു കളർ അവന് തോന്നിയിരിക്കാം. ഉടനെ കറുത്തവൾ മേക്കപ്പ് ചെയ്തു ഇറങ്ങിയിരിക്കുന്നു എന്നാക്കി. പിന്നെ ഒന്നും നോക്കിയില്ല ഞാനും അവിടെ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "വെളുത്തതല്ലേടാ. പണിയില്ലാതെ വീട്ടിരുന്നപ്പോ ഒന്ന് വെട്ടം വെച്ചതാ. അടുത്ത ദിവസം ഷൂട്ട്‌ തുടങ്ങും. കറുത്തോളും nee ടെൻഷൻ അടിക്കേണ്ട.. " എനിക്ക് തൽക്കാലത്തേക്ക് ആശ്വാസം കിട്ടി.  

അവനെ പോലെയുള്ള മാക്രി കൂട്ടങ്ങളുടെ അസുഖം എന്താണെന്ന് അറിയാനാണ് ഞാൻ ഇത്രയും പറഞ്ഞത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണം. പിന്നെ നിങ്ങൾ ഒന്നുടെ പറയണം.. "അവർ കറുത്തതാണ്.. അവർ മേക്കപ്പ് ചെയ്യും.. filter ഇട്ട് ഫോട്ടോ ഇടും.. ആർക്കെങ്കിലും അത് കണ്ട് ചൊറിയുന്നുണ്ടെങ്കിൽ മാറി ഇരുന്ന് ചൊറിഞ്ഞോളാൻ.... എന്റെ കൂട്ടുകരോട്.. നിറഞ്ഞ സ്നേഹം.. ❤️❤️❤️

Follow Us:
Download App:
  • android
  • ios