ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹൻലാലിന്. മഞ്‍ജു വാര്യര്‍, അമിതാഭ് ബച്ചൻ തുടങ്ങിയ പ്രമുഖർ താരത്തിന് ആശംസകൾ നേർന്നു. അടൂർ ഗോപാലകൃഷ്ണന് ശേഷം ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ.

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹൻലാലിന് ആശംസകള്‍ അറിയിച്ച് നടി മഞ്‍ജു വാര്യര്‍. മോഹൻലാലിന്റെ പുരസ്‌കാര നേട്ടത്തിൽ അഭിമാനവും സന്തോഷവും തോന്നുന്നു. മലയാളി സ്വന്തമെന്ന് അവകാശത്തോടെ ചേർത്തുനിർത്തുന്നയാളാണ് മോഹൻലാൽ. മോഹൻലാലിന് അർഹമായ പുരസ്‌കാരമാണ്. സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയെയും പോലെ സന്തോഷം എന്നും മഞ്‍ജു വാര്യര്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു മലയാളികളുടെ പ്രിയ താരം മഞ്‍ജു വാര്യര്‍.

മോഹൻലാലിന് മലയാളത്തിൽ ആശംസ അറിയിച്ച് അമിതാഭ് ബച്ചൻ രംഗത്ത് എത്തിയിരുന്നു. "ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നിങ്ങൾക്ക് ലഭിച്ചതിൽ മോഹൻലാൽ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു - ഏറ്റവും അർഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രവൃത്തിയുടെയും കരകൗശലത്തിന്റെയും വലിയ ആരാധകനാണ് ഞാൻ. ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു. നമസ്കാർ", എന്നാണ് അമിതാഭ് ബച്ചൻ പങ്കുവച്ച പോസ്റ്റ്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹന്‍ലാലിന് ലഭിച്ചെന്ന വാര്‍ത്തകള്‍ വന്നത്. പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനവുമായി വിവിധ കോണുകളില്‍ നിന്നും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 2025 സെപ്തംബർ 23ന് (ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്.

തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചത്.

സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയെയും പോലെ സന്തോഷം എന്നും മഞ്‍ജു വാര്യര്‍ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക