മോഹൻലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മരയ്‍ക്കാര്‍: അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മഞ്ജു വാര്യര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് മഞ്ജു വാര്യര്‍.

എന്റെ കുട്ടിക്കാലത്ത് ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്‍തവരാണ് പ്രിയദര്‍ശനും മോഹൻലാലും. ചിത്രം, കിലുക്കം പോലുള്ള സിനിമകള്‍, കാലാപാനി അങ്ങനെ അത് ഏത് വിഭാഗത്തില്‍പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തും പ്രിയദര്‍ശൻ സാറിനൊപ്പം പ്രവര്‍ത്തിക്കാൻ സാധിച്ചിരുന്നില്ല.

ചന്ദ്രലേഖ എന്ന സിനിമയ്‍ക്കായി എന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല. അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്. ഞാൻ മനസ്സിലാക്കയതുവച്ച് മലയാള സിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമ.

മഹാപ്രതിഭകള്‍ക്കൊപ്പം ഭാഗമാകാൻ സാധിച്ചത് തന്നെ ഭാഗ്യം. ഒട്ടേറെ വലിയ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു.

കഥയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമായാണ് ഞാൻ എത്തുന്നത്. സിനിമ നമ്മളെ എല്ലാവരെയും അദ്ഭുതപ്പെടുത്തും. നിങ്ങള്‍ക്കൊപ്പം സിനിമ തിയറ്ററില്‍ പോയി കാണാൻ ഏറെ ആകാംക്ഷയോടെ ഞാനും കാത്തിരിക്കുന്നു- മഞ്ജു വാര്യര്‍ പറയുന്നു.