മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള സമയം നീട്ടി നൽകി. 

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകാനുള്ള സമയം നീട്ടി നല്‍കി. സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില്ല എന്ന് പൊലീസ് അറിയിച്ചു. ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു.

നേരത്തെ, കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞത്.

ഇതിന് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസ് തള്ളണം എന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടൻ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നൽകിയില്ലെന്ന് കാണിച്ച് അരൂർ അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

അതേ സമയം "18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. എന്നാൽ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല". 22 കോടി രൂപ സിനിമയ്ക്കായി ചിലവായെന്ന നിർമ്മാതാക്കളുടെ വാദം കള്ളമാണെന്നും ഹൈക്കോടതിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.