ഏപ്രില്‍ 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായ തുടരും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ നേരത്തേ ഇടംപിടിച്ചിരുന്ന ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 100 കോടിയിലധികം ഗ്രോസ് ആണ്. ആദ്യമായാണ് ഒരു സിനിമ കേരളത്തില്‍ നിന്ന് മാത്രം 100 കോടി പിന്നിടുന്നത്. നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് തിയറ്ററുകളില്‍ ഇപ്പോഴും മികച്ച ഒക്കുപ്പന്‍സി ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. ടിക്കറ്റ് വില്‍പ്പനയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം.
പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വില്‍ക്കുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് ആണ് തുടരും സ്വന്തമാക്കിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‍സിനെ മറികടന്നാണ് എക്കാലത്തെയും ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. 43 ലക്ഷം ടിക്കറ്റുകളാണ് മഞ്ഞുമ്മല്‍ ലൈഫ് ടൈമിന്‍ വിറ്റിരുന്നതെങ്കില്‍ തുടരും ഇതിനകം തന്നെ 43.30 ലക്ഷം ടിക്കറ്റുകള്‍ മറികടന്നിട്ടുണ്ട്. എമ്പുരാന്‍ ആണ് ഈ ഓള്‍ ടൈം ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 37.5 ലക്ഷം ടിക്കറ്റുകളാണ് ചിത്രം വിറ്റത്. നാലാം സ്ഥാനത്തുള്ള ആവേശം 30 ലക്ഷം ടിക്കറ്റുകളും അഞ്ചാം സ്ഥാനത്തുള്ള ആടുജീവിതം 29.2 ലക്ഷം ടിക്കറ്റുകളും വിറ്റിരുന്നു. അതേസമയം തുടരും നേടുന്ന ഫൈനല്‍ കളക്ഷന്‍ എത്രയെന്നത് ഇപ്പോള്‍ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്. വേനലവധിക്കാലം രണ്ടാഴ്ച കൂടി അവശേഷിക്കുന്നത് ചിത്രത്തിന്‍റെ ബോക്സ് ഓഫീസില്‍ ഗുണപരമായി പ്രതിഫലിക്കും. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ നേടിയ ചിത്രം കൂടിയാണ് തുടരും.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


