പാര്‍ട്ടി എന്ന മറ്റൊരു ചിത്രം കൂടി വെങ്കട് പ്രഭുവിന്‍റേതായി പുറത്തെത്താനുണ്ട്

കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച കഴിഞ്ഞ വര്‍ഷം എല്ലാ ഇന്ത്യന്‍ ഭാഷകളിലുമായി വിരലിലെണ്ണാവുന്ന ചിത്രങ്ങളാണ് തിയറ്ററുകളില്‍ സാമ്പത്തിക വിജയം നേടിയത്. കോളിവുഡ് എടുത്താല്‍ അതിലൊന്ന് വെങ്കട് പ്രഭുവിന്‍റെ (Venkat Prabhu) സംവിധാനത്തില്‍ ചിലമ്പരശന്‍ നായകനായെത്തിയ മാനാട് ആയിരുന്നു. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ലൂപ്പ് രീതിയില്‍ കഥ പറഞ്ഞ ചിത്രമായിരുന്നു. തമിഴ്നാട്ടില്‍ നിന്നു മാത്രം ആദ്യ രണ്ട് ദിവസത്തില്‍ 14 കോടി ഗ്രോസ് ആണ് ചിത്രം നേടിയത്. തുടര്‍ പരാജയങ്ങള്‍ക്കു ശേഷം ചിമ്പുവിന്‍റെ തിരിച്ചുവരവ് ചിത്രമെന്നും മാനാടിനെക്കുറിച്ച് ട്രേഡ് അനലിസ്റ്റുകള്‍ പറഞ്ഞിരുന്നു. മാനാടിനു ശേഷം വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് മന്മഥ ലീലൈ (Manmatha Leelai). അശോക് സെല്‍വന്‍ ആണ് ഈ ചിത്രത്തില്‍ നായകന്‍. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.

ലോകമാകമാനമുള്ള തിയറ്ററുകളില്‍ ഏപ്രില്‍ ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും. അശോക് സെല്‍വന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. കെ ബാലചന്ദറിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി 1976ല്‍ ഇതേപേരില്‍ ഒരു ചിത്രം പുറത്തെത്തിയിട്ടുണ്ട്. "ആ ചിത്രത്തില്‍ ഒരു കാസനോവയെയാണ് കമല്‍ സാര്‍ അവതരിപ്പിച്ചത്. ഈ കഥയില്‍ അശോക് സെല്‍വനും അത്തരമൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പക്ഷേ തികച്ചും വ്യത്യസ്‍തമാണ് ഈ കഥാപാത്രം. ഒരു ടൈറ്റില്‍ ഇല്ലാതെയാണ് ഞങ്ങള്‍ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അശോക് ആണ് ഈ പേര് നിര്‍ദേശിച്ചത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആ പേര് ഇഷ്‍ടമാവുകയും ചെയ്‍തു", വെങ്കട് പ്രഭു നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Scroll to load tweet…

പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ കാലയളവില്‍ ചിത്രീകരിച്ച ചിത്രമാണിത്. കാഷ്വലും അതേസമയം എന്‍റര്‍ടെയ്‍നിംഗുമായ ചിത്രമെന്നാണ് വെങ്കട് പ്രഭു മന്മഥ ലീലൈയെ വിശേഷിപ്പിക്കുന്നത്. ഒടിടി റിലീസ് ആണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും തിയറ്റര്‍ റിലീസിലേക്ക് തിരിയുകയായിരുന്നു പിന്നീട് നിര്‍മ്മാതാക്കള്‍. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സംയുക്ത ഹെഗ്‍ഡെ, സ്‍മൃതി വെങ്കട്, റിയ സുമന്‍ എന്നിവര്‍. 'മാനാടി'ന്‍റെ വന്‍ വിജയത്തിനു ശേഷം എത്തുന്ന വെങ്കട് പ്രഭു ചിത്രം എന്ന നിലയില്‍ മന്മഥ ലീലൈക്കു മേലുള്ള പ്രേക്ഷക പ്രതീക്ഷയും വലുതാണ്. പ്രേംജി അമരന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഛായാഗ്രഹണം തമിഴ് എ അഴകന്‍, കലാസംവിധാനം ഉമേഷ് ജെ കുമാര്‍. റോക്ക്ഫോര്‍ട്ട് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് ആണ് നിര്‍മ്മാണം. 

'എന്നാണ് ഭദ്രാ, പുതിയ സ്ഫടികം തിയറ്ററില്‍ ഒന്നുകൂടി കാണാന്‍ പറ്റുക? കെപിഎസി ലളിത പലവട്ടം ചോദിച്ചു'

 അതേസമയം 'പാര്‍ട്ടി' എന്ന പേരില്‍ ഒരു കോമഡി ത്രില്ലര്‍ ചിത്രം കൂടി വെങ്കട് പ്രഭുവിന്‍റേതായി പുറത്തെത്താനുണ്ട്. ജയ്, ജയറാം, ഷാം, ശിവ, സത്യരാജ്, രമ്യ കൃഷ്ണന്‍, നന്ദ ദുരൈരാജ്, റെജിന കസാന്‍ഡ്ര, സഞ്ജിത ഷെട്ടി, നിവേദ പെതുരാജ്, നാസര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.