മലയാള സിനിമാപ്രേമികളില്‍ ഏറെ ആവേശമുണര്‍ത്തിയ പ്രോജക്ട് ആണ് ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാല്‍. മാര്‍ച്ച് 26ന് ചിത്രീകരണം ആരംഭിക്കേണ്ട സിനിമ കൊവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ നീട്ടിവച്ചിരിക്കുകയാണ്. പ്രേക്ഷകര്‍ക്കൊപ്പം ബിഗ് ബിയുടെ ഭാഗമായിരുന്ന അഭിനേതാക്കളും 'ബിലാലി'നൊപ്പമുള്ള രണ്ടാംവരവിനെക്കുറിച്ച് ഏറെ പ്രതീക്ഷ പുലര്‍ത്തുന്നവരാണ്. ബിഗ് ബിയില്‍ 'എഡ്ഡി ജോണ്‍ കുരിശിങ്കല്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ ജയന്‍ പലപ്പോഴും ചില അപ്‍ഡേറ്റുകള്‍ പങ്കുവെക്കാറുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഷൂട്ട് മാറ്റിവെക്കേണ്ടിവന്നതിലെ നിരാശ പങ്കുവച്ചുള്ള മനോജ് കെ ജയന്‍റെ ഒരു പോസ്റ്റ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ബിഗ് ബി ലൊക്കേഷനില്‍ നിന്നുള്ള 'എഡ്ഡി ജോണ്‍ കുരിശിങ്കലി'ന്‍റെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

ബിഗ് ബിയുടെ ലൊക്കേഷനുകളില്‍ ഒന്നായിരുന്ന ധനുഷ്കോടിയിലെ കടല്‍ത്തീരത്ത് റിക്ലൈനര്‍ കസേരയില്‍ ഇരിക്കുന്ന 'എഡ്ഡി ജോണ്‍ കുരിശിങ്കലാ'ണ് ചിത്രത്തില്‍. ഷൂട്ടിന്‍റെ ലഞ്ച് ബ്രേക്കിനിടെ 'ഒപ്പിച്ച പരിപാടി' ആണെന്നും ഛായാഗ്രാഹകനായ ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയതെന്നും മനോജ് കെ ജയന്‍ കുറിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മംമ്ത മോഹന്‍ദാസും 'ബിലാലി'നെക്കുറിച്ചുള്ള തന്‍റെ പ്രതീക്ഷ പങ്കുവച്ചിരുന്നു.

 

'ബിലാലി'നെക്കുറിച്ച് മംമ്ത പറഞ്ഞത്

ബിഗ് ബിയുടെ ഭാഗമായിട്ടുള്ള എല്ലാവരും വെയ്റ്റ് ചെയ്യുന്ന സിനിമയാണ് ബിലാല്‍. ബിഗ് ബിയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ബിലാലില്‍ 13 വയസ് കൂടും. അങ്ങനെയാണ് അതിന്‍റെ ടൈം സ്പാന്‍ കണക്കാക്കിയിരിക്കുന്നത്. ഞാന്‍ അവതരിപ്പിക്കുന്ന റിമി ടോമി എന്ന കഥാപാത്രം ബിലാലിന്‍റെ ഫാമിലിയിലെ ഒരു അംഗമാണ് ഇപ്പോള്‍. മുന്‍പ് ബിലാലിന് കുറച്ചൊരു അകല്‍ച്ചയുള്ള കഥാപാത്രമായിരുന്നു അത്. പക്ഷേ ഇപ്പോള്‍ അവള്‍ ആ കുടുംബത്തിലെ ഒരു അംഗമാണ്. ബാല ചെയ്യുന്ന മുരുകന്‍ എന്ന കഥാപാത്രത്തെക്കാള്‍ സ്നേഹം റിമിക്ക് ആ കുടുംബത്തില്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. ഈ 13 വര്‍ഷം കൊണ്ട് സ്ത്രീസമൂഹത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടല്ലോ. ആ മാറ്റം ബിലാലിലെ സ്ത്രീകഥാപാത്രങ്ങളില്‍ ഉണ്ടാവും. ബിഗ് ബിയില്‍ ഒരു സീനിലോ മറ്റോ ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവള്‍ ആ ഗ്യാങ്ങിന്‍റെ ഭാഗം തന്നെയാണ്. അത്തരത്തിലുള്ള മാറ്റങ്ങള്‍, പക്വതയൊക്കെ എല്ലാവര്‍ക്കുംതന്നെ ഉണ്ടാവും. അതേ ആക്ടിവിറ്റീസ്, പക്ഷേ പുതിയ ഗ്യാങ്ങ് മെമ്പേഴ്സ്. എല്ലാവരും വെയ്റ്റ് ചെയ്യുകയാണ്. പക്ഷേ ഒരു വലിയ സിനിമയാണ്. കൊവിഡ് ഒക്കെ മാറിയാലേ അത് പ്രാക്റ്റിക്കല്‍ ആവൂ