സിന്‍റോ സണ്ണി സംവിധാനം. മാനുവൽ ബിജു നിര്‍മ്മാണം

ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശംസ നേടിയ മനോജ് കെ യു വീണ്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര. പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിന്റോ സണ്ണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബെൻഹർ ഫിലിംസിൻ്റെ ബാനറിൽ മാനുവൽ ബിജു നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം നവംബർ ആറിന് തൃപ്പൂണിത്തുറ പേട്ടയിൽ ആരംഭിക്കും.

അണുകുടുംബങ്ങളിലേക്ക് ചുരുങ്ങിയ, അയല്‍പക്കത്ത് ആരെന്ന് അറിയാത്ത ന​ഗരവാസികള്‍ക്കിടയിലേക്ക് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന കഥാപാത്രം വരികയാണ്. ഇതിലൂടെ നാട്ടുകാർക്കിടയിൽ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നത്. ഗൗരവതരമായ ഒരു വിഷയം നർമ്മത്തിലൂടെ പറയുകയാണ് ഈ ചിത്രത്തിലൂടെയെന്ന് അണിയറക്കാര്‍ പറയുന്നു. നമ്മുടെ നഗര ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ചയായിരിക്കും ചിത്രമെന്നും. 

ഹന്ന റെജി കോശിയാണ് നായിക. രജനികാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയ സോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ജയിംസ് ഏലിയ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ, കലാഭവൻ റഹ്‍മാന്‍, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ, പൗളി വത്സൻ, ഷിനു ശ്യാമളൻ, ജസ്നിയ കെ ജയദീഷ്, തുഷാരാ, അരുൺ സോൾ, പ്രിയ കോഴിക്കോട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിജു ആൻ്റണിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം ശങ്കർ ശർമ്മ, ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റിംഗ് അരുൺ ആർ എസ്, കലാസംവിധാനം സൂരജ് കുറവിലങ്ങാട്, മേക്കപ്പ് മനോജ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാബിൽ അസീസ്, അസോസിയേറ്റ് ഡയറക്ടർ സച്ചി ഉണ്ണികൃഷ്ണൻ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ മജു രാമൻ, പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ, പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : സ്ക്രീനിൽ കാണാൻ പോവുന്നത് വൻ ആക്ഷൻ രംഗങ്ങൾ; 'ഗ്ലാഡിയേറ്റർ 2' ന് വേണ്ടി അഭിനേതാക്കൾ തയ്യാറെടുത്തത് ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം