പ്രണവ് മോഹൻലാല്‍ അഭിനയിച്ച ഗാനരംഗത്തിന്റെ വീഡിയോ പുറത്തുവിട്ടു. 

വൻ പ്രതീക്ഷകളോടെയെത്തിയ ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham ). തിയറ്ററുകളില്‍ ആരവമായ ചിത്രം ടമരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തില്‍ ഏറ്റവും അഭിനന്ദനം നേടിയ പ്രകടനമായിരുന്നു മോഹൻലാലിന്റെ മകൻ പ്രണവിന്റേത് (Pranav Mohanlal). 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ തുടക്കത്തില്‍ പ്രണവായിരുന്നു കേന്ദ്ര കഥാപാത്രവും. പ്രണവ് മോഹൻലാല്‍ അഭിനയിച്ച ഗാനരംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

'കണ്ണില്‍ എന്റെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനും ശ്വേതാ മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് റോണി റാഫേലാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. പ്രണവ് മോഹൻലാലിനൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിച്ച ഗാനരംഗത്തിന് മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ബൃന്ദ മാസ്റ്റര്‍ക്ക് ലഭിച്ചിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി 'മരക്കാര്‍' 100 കോടി കളക്റ്റ് ചെയ്‍തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. യുഎഇയിലടക്കമുള്ള രാജ്യങ്ങളില്‍ ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സ്വന്തമാക്കിയിരുന്നു. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ആദ്യ ദിനം സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.