റംസാന്‍ മാസത്തിന് ശേഷം പെരുന്നാള്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കലാണ് ഒരു സാധ്യത. എന്നാല്‍ അപ്പോഴേക്കും സ്കൂള്‍ തുറക്കലും മഴയുമൊക്കെ എത്തും എന്നതും തടസ്സമാണ്

മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ റിലീസ് വീണ്ടും നീണ്ടേക്കും. ഈ മാസം രണ്ടിനാണ് നിര്‍മ്മാതാവ് ചിത്രത്തിന്‍റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ റംസാന്‍ ഇക്കുറി നേരത്തെ ആയതിനാല്‍ മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്താല്‍ റംസാന്‍ മാസം ആരംഭിക്കുന്നതിനു മുന്‍പ് രണ്ടോ മൂന്നോ ആഴ്ചകള്‍ മാത്രമേ ചിത്രത്തിന് തിയറ്ററുകള്‍ കിട്ടൂ. റംസാന്‍ മാസത്തില്‍ മലബാര്‍ മേഖലയില്‍ കളക്ഷന്‍ വളരെ കുറവായിരിക്കുമെന്നും ഗള്‍ഫ് റിലീസിനെയടക്കം അത് ബാധിക്കുമെന്നതും ചിത്രം നീട്ടിവെക്കാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. 

റംസാന്‍ മാസത്തിന് ശേഷം പെരുന്നാള്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കലാണ് ഒരു സാധ്യത. എന്നാല്‍ അപ്പോഴേക്കും സ്കൂള്‍ തുറക്കലും മഴയുമൊക്കെ എത്തും എന്നതും തടസ്സമാണ്. ഇപ്പോള്‍ സ്ഥലത്തില്ലാത്ത പ്രിയദര്‍ശന്‍ കൂടി എത്തിയിട്ടേ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയ്യതി സംബന്ധിച്ച് അന്തിമതീരുമാനത്തിലേക്ക് അണിയറക്കാര്‍ എത്തൂ എന്നറിയുന്നു. 

അതേസമയം മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ 'ആറാട്ട്' ഓണത്തിന് എത്തിയേക്കുമെന്നും തിയറ്റര്‍ മേഖലയില്‍ നിന്ന് വിവരമുണ്ട്. ഓഗസ്റ്റ് 12 ആണ് റിലീസ് തീയതിയായി പറഞ്ഞുകേള്‍ക്കുന്നത്. ഊട്ടി ഷെഡ്യൂള്‍ പുരോഗമിക്കുന്ന ആറാട്ട് ഫെബ്രുവരി പകുതിയോടെ പാക്കപ്പ് ആവും. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളുടെ പുതിയ റിലീസ് തീയതികളെക്കുറിച്ചും തിയറ്റര്‍ ഉടമകള്‍ക്ക് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 

അതേസമയം പുതിയതെന്ന് പറഞ്ഞ് പ്രചരിക്കുന്ന റിലീസ് തീയതികളടക്കം വിശ്വാസത്തിലെടുക്കേണ്ടെന്നാണ് ചില തിയറ്റര്‍ ഉടമകള്‍ പറയുന്നത്. "സ്ഥിരീകരണമില്ലാത്ത റിലീസ് തീയതികളാണ് ഇവയൊക്കെ. ഒന്നുരണ്ട് പടങ്ങള്‍ കൂടി ഇറങ്ങി കളക്ഷന്‍ എങ്ങനെയെന്ന് അറിയാതെയൊന്നും ഇവര്‍ കൃത്യം ഡേറ്റ് പറയില്ല. ഫെസ്റ്റിവല്‍ സീസണില്‍ തിയറ്ററുകള്‍ ബ്ലോക്ക് ആക്കി വെക്കുക മാത്രമാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ചെയ്യുന്നത്. ആ ഗ്യാപ്പില്‍ ചെറിയ പടങ്ങളാണ് എത്താന്‍ സാധ്യത", ഒരു തിയറ്റര്‍ ഉടമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.