കോളിവുഡില്‍ ഈ വര്‍ഷം പുറത്തെത്തേണ്ടിയിരുന്ന ചിത്രങ്ങളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു 'മാസ്റ്റര്‍'. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ്, വിജയ്ക്കൊപ്പം വിജയ് സേതുപതി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രത്തിന്‍റെ റിലീസിനെ പക്ഷേ കൊവിഡ് 'ബാധിച്ചു'. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം ഇനിയും റിലീസ് ചെയ്യപ്പെട്ടിട്ടില്ല. റിലീസ് നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഒടിടി റിലീസിന് സമ്മര്‍ദ്ദമുണ്ടെങ്കിലും ചിത്രം തീയേറ്ററുകളിലേ റിലീസ് ചെയ്യൂവെന്ന് നിര്‍മ്മാതാവ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് മറ്റൊരു കൗതുകകരമായ വിവരവും പുറത്തെത്തിയിരിക്കുന്നു. ചിത്രത്തിന്‍റെ ഹിന്ദി ടൈറ്റിലിനെക്കുറിച്ചുള്ളതാണ് അത്.

തമിഴ് കൂടാതെ ചിത്രത്തിന്‍റെ ഹിന്ദി മൊഴിമാറ്റ പതിപ്പും റിലീസിന് ഒരുങ്ങുന്നുണ്ട്. തമിഴ് പതിപ്പിന്‍റെ പേര് 'മാസ്റ്റര്‍' എന്നാണെങ്കില്‍ ഹിന്ദിയിലെത്തുമ്പോള്‍ ആ പേരിനൊപ്പം ഒരു കൂട്ടിച്ചേര്‍ക്കലുണ്ട്. 'വിജയ് ദി മാസ്റ്റര്‍' എന്നാണ് ചിത്രത്തിന്‍റെ ഹിന്ദി ടൈറ്റില്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് കൗതുകകരമായ ഈ വിവരം അറിയിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയായെന്നും അതിന്‍റെ സെന്‍സറിംഗ് അടുത്തയാഴ്ച നടക്കുമെന്നും തരണ്‍ ട്വീറ്റ് ചെയ്തു. ജനുവരിയില്‍ ചിത്രം പുറത്തെത്തുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

അതേസമയം റിലീസ് തീയ്യതിയെക്കുറിച്ച് നിര്‍മ്മാതാവ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ചിത്രം പൊങ്കല്‍ റിലീസ് ആയി എത്തുമെന്നാണ് ആരാധകരില്‍ വലിയ വിഭാഗവും കരുതുന്നത്. #MasterPongal എന്ന ഹാഷ് ടാഗും നിലവില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. റിലീസ് തീയ്യതിയെക്കുറിച്ച് വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് കരുതപ്പെടുന്നു. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.