തമിഴില്‍ ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം തീയേറ്റര്‍ റിലീസ് തന്നെ ആയിരിക്കും. തീയേറ്റര്‍ റിലീസിനു പിന്നാലെയുള്ള സ്ട്രീമിംഗ് അവകാശമാണ് ആമസോണ്‍ പ്രൈം നേടിയിരിക്കുന്നതെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയൊട്ടാകെ വന്‍ റിലീസിനാണ് ഒരുങ്ങുന്നതെന്നും വിവരമുണ്ട്. ബി4യു മോഷന്‍ പിക്സ് ആണ് ഹിന്ദി പതിപ്പിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഡബ്ബിംഗ് പതിപ്പായാണ് ചിത്രം ഹിന്ദിയില്‍ എത്തുന്നത്. തമിഴ് പതിപ്പില്‍ നിന്നും പേരിലും ചെറിയ വ്യത്യാസമുണ്ട്. 'മാസ്റ്റര്‍' എന്നു മാത്രമാണ് ഒറിജിനലിന്‍റെ പേരെങ്കില്‍ 'വിജയ് ദി മാസ്റ്റര്‍' എന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. അതേസമയം കൊവിഡ് സാഹചര്യത്തില്‍ തീയേറ്റര്‍ റിലീസ് നീളുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസ് ചെയ്യാനുള്ള സമ്മര്‍ദ്ദമുണ്ടെന്ന് നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം തീയേറ്ററുകളിലൂടെ മാത്രമേ റിലീസ് ചെയ്യൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം റിലീസ് തീയ്യതിയെക്കുറിച്ച് നിര്‍മ്മാതാവ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ചിത്രം പൊങ്കല്‍ റിലീസ് ആയി എത്തുമെന്നാണ് ആരാധകരില്‍ വലിയ വിഭാഗവും കരുതുന്നത്. #MasterPongal എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. റിലീസ് തീയ്യതിയെക്കുറിച്ച് വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് കരുതപ്പെടുന്നു. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.