കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് അനന്തമായി നീളുന്ന മാസ്റ്ററിന്‍റെ പുതിയ അപ്ഡേറ്റുകള്‍ക്കായി ആരാധകര്‍ പലപ്പോഴും ആവശ്യമുന്നയിക്കാറുണ്ട്.

ഇന്ത്യന്‍ സിനിമയുടെ പ്രധാന ഫെസ്റ്റിവല്‍ സീസണുകളില്‍ ഒന്നാണ് ദീപാവലി. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് നിര്‍മ്മാതാക്കള്‍ക്ക് ആ സീസണ്‍ നഷ്ടപ്പെട്ടുവെങ്കിലും ഡയറക്ട് ഒടിടി റിലീസുകളിലൂടെ ചില പുതിയ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിയിട്ടുമുണ്ട്. അതേസമയം തീയേറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ് പല സൂപ്പര്‍താര ചിത്രങ്ങളും. അത്തരത്തിലൊന്നാണ് വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററും'. അതേസമയം ദീപാവലി സര്‍പ്രൈസ് ആയി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് ഒരു പ്രധാന അപ്‍ഡേറ്റ് വരുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍.

മാസ്റ്ററിന്‍റെ ഒരു പ്രധാന അപ്‍ഡേറ്റ് ഇന്ന് വൈകിട്ട് ആറിന് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് അറിയിപ്പ്. നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്‍സ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 19 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെയാണ് നിര്‍മ്മാതാക്കളുടെ അറിയിപ്പ്. 

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് അനന്തമായി നീളുന്ന മാസ്റ്ററിന്‍റെ പുതിയ അപ്ഡേറ്റുകള്‍ക്കായി ആരാധകര്‍ പലപ്പോഴും ആവശ്യമുന്നയിക്കാറുണ്ട്. വിജയ് ആരാധകര്‍ക്കുള്ള ദീപാവലി സമ്മാനമായി മാസ്റ്ററിന്‍റെ ടീസര്‍ എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയ്യതി തീരുമാനിക്കാതെ ടീസര്‍ പുറത്തുവിടില്ലെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ അപ്ഡേറ്റ് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

View post on Instagram

വിജയ്‍യും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും 'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മാസ്റ്റര്‍. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.