ഒടിടി ഹിറ്റ് ആയി മാറിയ 'ദൃശ്യം 2'ന്‍റെ തെലുങ്ക് റീമേക്ക് ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് മീന. വെങ്കടേഷ് നായകനാവുന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീനയാണ്. 2014ല്‍ പുറത്തെത്തിയ 'ദൃശ്യം' തെലുങ്ക് റീമേക്കില്‍ വെങ്കടേഷ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്‍റെ പേര് റാംബാബു എന്നായിരുന്നു. റാംബാബുവിന്‍റെ ഭാര്യ 'ജ്യോതി' ആയിരുന്നു മീനയുടെ കഥാപാത്രം. ഇന്നലെയാണ് മീന ദൃശ്യം 2 റീമേക്കിന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്തത്.

"ദൃശ്യം 2ന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്തു. നിങ്ങള്‍ ഏവരുടെയും സ്നേഹവും പിന്തുണയും വേണം", ക്ലാപ്പ് ബോര്‍ഡിന്‍റെ ചിത്രത്തിനൊപ്പം മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മുതിര്‍ന്ന നടി ശ്രീപ്രിയയാണ് ദൃശ്യം തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തതെങ്കില്‍ ദൃശ്യം 2 റീമേക്ക് ഒരുക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഈ മാസം തുടക്കത്തില്‍ ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു. ഒന്നാംതീയ്യതി ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16)

'ദൃശ്യം 2' പുറത്തെത്തിയ ഫെബ്രുവരി 19നുതന്നെ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ഉടന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തൊട്ടുപിറ്റേദിവസം പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തു. മലയാളം ഒറിജിനലില്‍ അഭിനയിച്ച എസ്തറും റീമേക്കില്‍ ഉണ്ട്. നായകന്‍റെ ഇളയ മകളുടെ കഥാപാത്രം തന്നെയാണ് എസ്‍തറിന്. ആശിര്‍വാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്‍കുമാര്‍ തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം തിയറ്റര്‍ റിലീസ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.