തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'അതിമനോഹര'ത്തിലെ തന്‍റെ ഭാഗങ്ങള്‍ നടി മീര ജാസ്മിന്‍ പൂര്‍ത്തിയാക്കി

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന അതിമനോഹരം എന്ന ചിത്രത്തിലെ തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി മീര ജാസ്മിന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മീര ജാസ്മിന്‍ ആണ്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അവസാനം, ഞങ്ങളുടെ നായികയോട് ഞങ്ങള്‍ വിട പറയുന്നു. നന്ദി മീര, സന്തോഷത്തിനും ഊഷ്മളതയ്ക്കും സെറ്റിലേക്ക് നിങ്ങള്‍ എത്തിച്ചിരുന്ന മനോഹരമായ ഊര്‍ജ്ജത്തിനും. ചില വിടപറയലുകള്‍ ഒട്ടും എളുപ്പമല്ല. പക്ഷേ നിങ്ങള്‍ പിന്നിലാക്കി പോകുന്ന ഓര്‍മ്മകളാണ് ഈ യാത്രയെ അതിമനോഹരമാക്കുന്നത്, മീര ജാസ്മിനുമൊത്തുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് തരുണ്‍ മൂര്‍ത്തി കുറിച്ചു.

ആഷിക്ക് ഉസ്മാൻ പ്രൊഡയ്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിക്കുന്ന ചിത്രമാണ് അതിമനോഹരം. ലൗലജൻ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വലിയൊരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷമാക്കുന്നു.

ലാലു അലക്സ്,, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാ​ഗ്രഹണം ഷാജികുമാര്‍, എഡിറ്റിംഗ് വിവേക് ഹർഷൻ, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ മഷർ ഹംസ, കോ-ഡയറക്ടർ ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അഫ്നാസ്, മോഹിത് കൃഷണൻ, സ്റ്റിൽസ് അമൽ സി സദർ, പ്രൊഡക്ഷൻ മാനേജർ ജോമോൻ ജോയ് ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming