സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലൂടെ വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് നടി മീരാ ജാസ്‍മിൻ.

അവിസ്‍മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള അഭിനേത്രി മീരാ ജാസ്‍മിൻ (Meera Jasmine) ഇൻസ്റ്റാഗ്രാമില്‍. കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിന്ന ദേശീയ അവാർഡ് ജേതാവ് 'മകൾ' എന്ന ചിത്രത്തിലൂടെ സ്‍ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകളി'ലെ ഒരു വർക്കിംഗ് സ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലേക്കുള്ള വരവ് മീരാ ജാസ്‍മിൻ അറിയിച്ചത്. വിശേഷങ്ങളും ഓർമകളുമായി എല്ലാവരോടും ഒന്നുകൂടെ അടുക്കാനും പുതിയ തുടക്കങ്ങളെ ഹൃദയത്തോട് ചേർത്തു പിടിക്കാനുമുള്ള ആഗ്രഹത്തെ കുറിച്ച് എഴുതിയാണ് മീര ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാ ജാസ്‍മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമെന്നായിരുന്നു മീര ജാസ്‍മിൻ യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് പറഞ്ഞത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്.

View post on Instagram

ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്.‌ 'അച്ചുവിന്റെ അമ്മ', 'രസതന്ത്രം' എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെയെന്നും മീര ജാസ്‍മിൻ പറഞ്ഞിരുന്നു.

ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. മീര ജാസ്‍മിന് പ്രാധാന്യമുള്ള കഥാപാത്രമാണ് മകളിലേത് എന്നാണ് റിപ്പോര്‍ട്ട്.