നാളെ രാവിലെ 11.07 ന് ടൈറ്റില്‍ ടീസര്‍ പുറത്തെത്തും

ചിരഞ്ജീവിയുടേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആയ ഗോഡ്‍ഫാദര്‍ ആണ്. മോഹന്‍ രാജ സംവിധാനം ചെയ്‍ത ചിത്രം തെലുങ്ക് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ച് മാറ്റങ്ങളോടെയാണ് തിയറ്ററുകളിലെത്തിയത്. ഒക്ടോബര്‍ 5 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ഗോഡ്‍ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന അടുത്ത ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്. ഈ പ്രോജക്റ്റ് സംബന്ധിച്ച് ഒരു അപ്ഡേറ്റ് നിര്‍മ്മാതാക്കള്‍ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം സംബന്ധിച്ചാണ് അത്. 

ചിത്രത്തിന്‍റെ പേര് ദീപാവലി ദിനമായ നാളെ പ്രഖ്യാപിക്കും. നാളെ രാവിലെ 11.07 ന് ടൈറ്റില്‍ ടീസര്‍ പുറത്തെത്തും. കെ എസ് രവീന്ദ്ര കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. ദേവി ശ്രീ പ്രസാദ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍തര്‍ എ വില്‍സണ്‍ ആണ്. എഡിറ്റിംഗ് നിരഞ്ജന്‍ ദേവറാമണെ, സംഘട്ടനം റാം ലക്ഷ്‍മണ്‍, വസ്ത്രാലങ്കാരം സുഷ്മിത കോണിഡെല, സഹനിര്‍മ്മാണം ജി കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ : ആ പ്രോജക്റ്റ് ഇനി ഒഫിഷ്യല്‍; മോഹന്‍ലാല്‍- ലിജോ ചിത്രത്തിന്‍റെ അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍

അതേസമയം ചിരഞ്ജീവി ആരാധകര്‍ സമീപകാലത്ത് ഏറ്റവുമധികം കാത്തിരുന്ന പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഗോഡ്‍ഫാദര്‍. മലയാളത്തില്‍ വന്‍ വാണിജ്യ വിജയം നേടിയ ലൂസിഫറിന്‍റെ ഒഫിഷ്യല്‍ റീമേക്ക് എന്നത് ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ഉയര്‍ത്തിയിരുന്നത്. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ സല്‍മാന്‍ ഖാന്‍റെ അതിഥിവേഷം ഹിന്ദി സിനിമാപ്രേമികള്‍ക്കിടയിലും ചിത്രത്തെക്കുറിച്ച് താല്‍പര്യം ഉയര്‍ത്തിയ ഘടകമാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരുടെ റോളില്‍ നയന്‍താരയാണ് എത്തിയത്.

Mega154 Teaser Glimpse | Megastar Chiranjeevi | Ravi Teja | Shruti Haasan | Bobby | DSP