ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. താരത്തിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം കേട്ടത്. ചിരഞ്ജീവി മരിക്കുമ്പോൾ ​ഗർഭിണി ആയിരുന്നു മേഘ്ന. അതുകൊണ്ട് തന്നെ ആ വേദനയുടെ ആഴം വലുതായിരുന്നു. ഒക്ടോബർ 22നാണ് താരത്തിന് കുഞ്ഞ് പിറന്നത്. 
ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്. ഇപ്പോഴിതാ താരത്തിന്റെ പഴയൊരു ഇന്റർവ്യു ആണ് ശ്രദ്ധനേടുന്നത്.  

താൻ കണ്ട ഏറ്റവും കരുത്തുള്ള സ്ത്രീ തന്റെ അമ്മയാണെന്ന് പറയുകയാണ് മേഘ്ന. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പഴയൊരു അഭിമുഖത്തിലാണ് മേഘ്ന അമ്മയെ കുറിച്ചും മകനെ കുറിച്ചും സംസാരിച്ചത്. ലോകത്തിലെ ഏറ്റവും കഠിനവും മനോഹരവുമായ ജോലിയാണ് മാതൃത്വമെന്ന് മേഘ്ന പറയുന്നു. 

അമ്മയാകുന്നത് വരെ നമ്മുടെ അമ്മമാരുടെ സ്നേഹവും അവർ അനുഭവിച്ച ത്യാഗങ്ങളും മനസ്സിലാകില്ലെന്ന് പറയുന്നത് വളരെ ശരിയാണെന്നും മേഘ്ന. താനും അമ്മയായതിന് ശേഷമാണ് ആ സത്യം മനസ്സിലാക്കുന്നതെന്നും മേഘ്ന അറിയിച്ചു.  

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് അമ്മയാണ്. ഭർത്താവിന്റെ മരണശേഷം താൻ തകർന്നുപോയ നാളുകളിൽ പാറ പോലെ തനിക്കൊപ്പം നിന്ന സ്ത്രീയാണ് അമ്മയെന്നും മേഘ്ന പറയുന്നു. ഗർഭിണിയായിരിക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലത്തിലൂടെയായിരുന്നു കടന്നു പോയത്. അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. ഓരോ ദിവസവും ജീവിതത്തിന് കരുത്ത് നൽകിയത് അമ്മയാണ്. ‌‌താൻ കരുത്തയായ സ്ത്രീയെന്നാണ് ആളുകൾ പറയുന്നതെന്നും എന്നാൽ തന്റെ ദുർബലമായ അവസ്ഥകൾ കണ്ടത് അമ്മ മാത്രമാണെന്നും മേഘ്ന പറഞ്ഞു. 

ജനിക്കുന്നത് ആൺകുഞ്ഞായിരിക്കുമെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നതായി മേഘ്ന നേരത്തെ പറഞ്ഞിരുന്നു. എല്ലാവർക്കും പ്രിയങ്കരനായിരുന്ന സർജയെ പോലെ തങ്ങളുടെ മകനേയും വളർത്തണമെന്നാണ് മേഘ്നയുടെ ആഗ്രഹം. അച്ഛനും അമ്മയ്‍ക്കും കുഞ്ഞിനും തനിക്കും കൊവഡ് ബാധിച്ചതായി മേഘ്‍ന രാജ് അടുത്തിടെ അറിയിച്ചിരുന്നു. ആരും ആശങ്കപ്പെടേണ്ടെന്നും എല്ലാവരും സുഖമായിരിക്കുന്നുവെന്നും മേഘ്‍ന രാജ് പറഞ്ഞിരുന്നു.