മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിനും ചിരഞ്ജീവി സര്‍ജയ്‍ക്കും അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. കുട്ടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്. ചിരഞ്‍ജീവി സര്‍ജയുടെ സഹോദരൻ ധ്രുവ സര്‍ജയായിരുന്നു കുഞ്ഞ് പിറന്നത് അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മേഘ്‍ന രാജ്.

മേഘ്ന രാജിന്റെ കുഞ്ഞാണെന്ന് പറഞ്ഞ് ഒരു ഫോട്ടോ പ്രചരിക്കുകയായിരുന്നു. അതിന്റെ സ്‍ക്രീൻ ഷോട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിട്ടാണ് മേഘ്‍ന രാജ് വ്യക്തത വരുത്തിയത്. തീര്‍ച്ചയായും ഇത് ക്യൂട്ടായ കുഞ്ഞാണ്. പക്ഷേ നിങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതില്‍ ഖേദിക്കുന്നു, ഇത് ജൂനിയര്‍ ചീരുവല്ല എന്നാണ് മേഘ്‍ന പറഞ്ഞത്. ചിരഞ്‍ജീവി സര്‍ജയുടെ അകാല മരണം എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. ഭര്‍ത്താവ് ചിരഞ്‍ജീവി സര്‍ജ ആഗ്രഹിച്ചതുപോലെ ചിരിച്ചുകൊണ്ടായിരിക്കും താൻ ജീവിക്കുകയെന്ന് മേഘ്‍ന രാജ് അറിയിച്ചിരുന്നു.

അച്ഛനും അമ്മയ്‍ക്കും കുഞ്ഞിനും തനിക്കും കൊവഡ് ബാധിച്ചതായി മേഘ്‍ന രാജ് അടുത്തിടെ അറിയിച്ചിരുന്നു.

ആരാധകര്‍ ആരും ആശങ്കപ്പെടേണ്ടെന്നും എല്ലാവരും സുഖമായിരിക്കുന്നുവെന്നും മേഘ്‍ന രാജ് പറഞ്ഞിരുന്നു.