മേഘ്‍ന രാജിനും ചിരഞ്‍ജീവി സര്‍ജയ്‍ക്കും ആണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ ആരാധകരും അത് ആഘോഷമാക്കിയിരുന്നു. ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മമാണ് എന്നുപോലും ആരാധകര്‍ പറയുന്നു. കുഞ്ഞിന്റെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ കുഞ്ഞിന്റെ തൊട്ടില്‍കെട്ട് ചടങ്ങിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. അടുത്ത കുടുംബാംഗങ്ങളുടെയും കുടുംബസുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. പ്രത്യേകമായി തയ്യാറാക്കിയ കലാഘട്‍ഗി തൊട്ടിലായിരുന്നു കുഞ്ഞിനായി ഒരുക്കിയത്.

കര്‍ണ്ണാടകയിലെ ധരാവാഡ് ജില്ലയില്‍ നിന്നുള്ള ശില്‍പ്പികളാണ് തൊട്ടില്‍ തയ്യാറാക്കിയത്. പ്രത്യേകമായി രൂപകല്‍പന ചെയ്‍ത തൊട്ടിലാണ് ഇത്. ശ്രീകൃഷ്‍ണന്റെ ജീവിതത്തിലെ ദൈവീകമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചതാണ് തൊട്ടില്‍. തൊട്ടിലില്‍ കിടന്ന് ചിരിക്കുന്ന കുഞ്ഞിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മേഘ്‍നയും കുടുംബാംഗങ്ങളും സന്തോഷത്തോടെ കുഞ്ഞിന് അടുത്ത് നില്‍ക്കുന്നു. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും ഗംഭീരമാക്കാനാണ് കുടുംബാംഗങ്ങള്‍ ആലോചിക്കുന്നത്.

ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത് എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു.

ചിരഞ്ജിവി സര്‍ജയുടെ മരണസമയത്ത് മേഘ്‍ന ഗര്‍ഭിണിയായിരുന്നുവെന്നത് ആരാധകരില്‍ വലിയ സങ്കടമുണ്ടാക്കിയിരുന്നു. ചിരഞ്‍ജീവി സര്‍ജയുടെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. തന്റെ ഭര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ ചിരിച്ചുകൊണ്ട് ജീവിക്കാനാണ് താൻ ശ്രമിക്കുന്നത് എന്ന് മേഘ്‍ന പറഞ്ഞിരുന്നു. കുഞ്ഞിന്റെ രൂപത്തില്‍ ചിരഞ്‍ജീവി സര്‍ജ ഭൂമിയിലേക്ക് എത്തുന്നതിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ഒരു കുറിപ്പില്‍ മേഘ്‍ന രാജ് എഴുതിയിരുന്നത്.