ഏതൊരു സാഹചര്യത്തിലും കട്ടയ്ക്ക് എനിക്കൊപ്പം കൂടെ നിന്നത് അമ്മയാണ്.

ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് മേഘ്‌ന വിന്‍സന്റ്. അമൃത അര്‍ജുന്‍ ദേശായി എന്ന കഥാപാത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ ഒരഭിമുഖത്തിൽ മേഘ്ന അമ്മയെക്കുറിച്ചു പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.

''ഏതൊരു സാഹചര്യത്തിലും കട്ടയ്ക്ക് എനിക്കൊപ്പം കൂടെ നിന്നത് അമ്മയാണ്. 'തിക്ക് ആൻഡ് തിൻ' എന്നൊക്കെ പറയില്ലേ? അതുപോലെ. എല്ലാ അമ്മമാരും ചിലപ്പോൾ അങ്ങനെ തന്നെയായിരിക്കും. ഞാൻ ഡിപ്രഷനിലേക്കൊക്കെ പോയ സമയമുണ്ട്. അപ്പോഴൊക്കെ ഞാൻ ചിലപ്പോൾ അമ്മയോട് രൂക്ഷമായി പെരുമാറിയിട്ടുണ്ട്. ഷോക്കായത് പോലെയുളള നാളുകളായിരുന്നു എനിക്കത്. എന്നിട്ട് പോലും ഒരു നിമിഷം പോലും അമ്മയെന്നെ വിട്ട് പോയിട്ടില്ല. ഞാൻ‌ അഗ്രസീവായിത്തുടങ്ങി. ശബ്ദം കൂടാൻ തുടങ്ങി. ഞാൻ നോർമൽ അല്ലാതിരുന്ന സമയം ആയിരുന്നു അത്. എന്നിട്ടും അമ്മ ഒരു നിമിഷം പോലും അമ്മയെന്റെ അടുത്ത് നിന്ന് മാറിയിട്ടില്ല. അതിൽ ഞാൻ ഭാഗ്യവതിയാണ്. ശബ്‍ദം പോലും ഉയർത്താത്ത കുട്ടിയായിരുന്നു ഞാൻ. എന്റെ മാറ്റം കണ്ടപ്പോൾ എന്തോ മനസിലുണ്ടെന്ന് അമ്മയ്ക്ക് മനസിലായി. ഞാൻ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കും. അതെന്റെ ശക്തിയും ദൗർബല്യവുമാണ്.

വേറെ ഓപ്ഷനില്ലെങ്കിൽ തളർന്ന് പോയിടത്ത് നിന്ന് തിരിച്ച് വന്നേ പറ്റൂ. വീണ് കിടക്കാനുള്ള ഓപ്ഷൻ എല്ലാവർക്കും ഉണ്ടാകില്ല. അപ്പോൾ നമ്മൾ ഓടിയേ പറ്റൂ. തിരിച്ച് വരാൻ ഒരുപാട് സമയമെടുത്തു. ഒരുപാട് കരഞ്ഞു. ആ സമയത്ത് ഞാൻ തമിഴ് സീരിയലാണ് ചെയ്‍തുകൊണ്ടിരുന്നത്. സീരിയലിൽ ഡയലോഗ് പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ തന്നെ പല പ്രാവശ്യം ഞാൻ വീണിട്ടുണ്ട്. ജീവിതത്തിൽ ഇങ്ങനെയൊക്കെ നേരിടേണ്ടി വരുമെന്ന് ചിന്തിച്ചിട്ടു പോലുമില്ല. അമ്മയാണ് ആ ഘട്ടത്തിൽ ഒപ്പം നിന്നത്. എനിക്കല്ലാതെ അമ്മയെ ആർക്കും തകർക്കാൻ പറ്റില്ല. അന്നത്തെ സംഭവങ്ങൾ ജീവിതത്തിൽ പാഠമായി. പക്വത വന്നു. ഇങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ പക്വതയില്ലാതെ മുന്നോട്ട് പോകുമായിരുന്നു'', മേഘ്ന വിൻസെന്റ് അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക