ക്രിസ്‍മസ് റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രം
സൗബിന്‍ ഷാഹിറിനെ (Soubin Shahir) നായകനാക്കി ലാല്‍ജോസ് (Laljose) സംവിധാനം ചെയ്ത മ്യാവൂവിന്‍റെ (Meow) ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. ഇന്ന് വൈകിട്ട് 4.30നാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 24ന് തിയറ്ററുകളില്‍ എത്തിയ ചിത്രം പിന്നീട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലും എത്തിയിരുന്നു. പൂര്‍ണ്ണമായും റാസല്‍ഖൈമയില്‍ ചിത്രീകരണം നടത്തിയ സിനിമയാണ് ഇത്. ആലുവ സ്വദേശി ഗ്രോസറി നടത്തിപ്പുകാരന്‍ 'ദസ്‍തഗീര്‍' ആണ് സൗബിന്‍റെ കഥാപാത്രം. മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക.
ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് സിനിമയുടെ രചന. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനുവേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം എഴുതിയ തിരക്കഥയാണ് മ്യാവൂ. സലിംകുമാര്‍, ഹരിശ്രീ യൂസഫ്, യാസ്‍മിന എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുകൂട്ടം പ്രവാസി കലാകാരന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അജ്‍മല്‍ സാബുവാണ്. ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് ഷൊര്‍ണൂര്‍, ഛായാഗ്രഹണം അജ്‍മല്‍ സാബു, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, കലാസംവിധാനം അജയ് മങ്ങാട്സ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘു രാമ വര്‍മ്മ, സൗണ്ട് ഡിസൈന്‍ ജിതിന്‍ ജോസഫ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍, വരികള്‍ സുഹൈല്‍ കോയ, കളറിസ്റ്റ് ശ്രിക് വാര്യര്‍. എല്‍ജെ ഫിലിംസ് റിലീസ്.
അതേസമയം മ്യാവൂവിനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജോജു ജോര്‍ജ് നായകനാവുന്ന ചിത്രത്തിന്‍റെ പേര് സോളമന്‍റെ തേനീച്ചകള്‍ എന്നാണ്. സോളമനായി എത്തുന്നത് ജോജുവാണ്. സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. എല്‍ ജെ ഫിലിംസിന്‍റെ ബാനറില്‍ ലാല്‍ജോസ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും. പി ജി പ്രഗീഷ് ആണ് ചിത്രത്തിന്‍റെ രചന. മൂന്നു വർഷം മുൻപ് ലാൽ ജോസ് ഒരുക്കിയ ബിജു മേനോൻ ചിത്രമായ നാല്പത്തിയൊന്നിന് തിരക്കഥ രചിച്ചത് പി ജി പ്രഗീഷ് ആയിരുന്നു. ജോജുവിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോണി ആന്‍റണിയാണ്. കൂടാതെ മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോ നായിക നായകനിലെ വിജയികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് വിദ്യാസാഗര്‍ ആണ്. ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശ മാധവൻ, പട്ടാളം, രസികൻ, ചാന്തുപൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല, ഡയമണ്ട് നെക്ക്ലെസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വിദ്യാസാഗർ ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽ ജോസുമായി വീണ്ടും ഒന്നിക്കുന്നു എന്നതും സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിന്റെ സവിശേഷതയാണ്. ഛായാഗ്രഹണം അജ്മല് സാബുവും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമുമാണ് നിര്‍വ്വഹിക്കുന്നത്.
